പേര് നോക്കിയാൽ ഡിയർ കോമ്രേഡ് ഒരു രാഷ്ട്രീയ സിനിമയാണെന്ന് തോന്നിയേക്കാം. ക്യാംപസ് രാഷ്ട്രീയവും മറ്റുമൊക്കെ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഇത് അത്തരമൊരു സിനിമയല്ല. കോമ്രേഡ് അഥവാ സഖാവ് എന്നാൽ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന പഥത്തിൽ കവിഞ്ഞ് സഹയാത്രികൻ അല്ലെങ്കിൽ സുഹൃത്ത് എന്നൊരു അർത്ഥമാണ് ചിത്രത്തിൽ എടുത്ത് കാണിക്കുന്നത്. എല്ലാവർക്കും ഒരു സഖാവ് ഉണ്ടാകണം, എന്നാൽ ജീവിതത്തിലെ പല ഘട്ടത്തിലും ഒരു കൈതാങ്ങാകും എന്ന സന്ദേശം ചിത്രം നൽകുന്നു.
തിളക്കുന്ന യുവത്വം
ബോബിയെന്ന ചൈതന്യ (വിജയ് ദേവരകൊണ്ട) ദേഷ്യക്കാരനും എടുത്തുചാട്ടക്കാരനുമാണ്. എങ്കിലും സ്നേഹമെന്നാൽ ഭ്രാന്ത് പോലെയാണ്. സിനിമയുടെ ആദ്യ സീനിൽ തന്നെ ആരെന്നോ എന്തെന്നോ ഇല്ലാതെ തല്ലുണ്ടാക്കുന്ന നായകനെ കാണാം. പ്രേമനൈരാശ്യത്തിലൂടെ കടന്ന് പോകുന്ന നായകന്റെ പിന്നാമ്പുറ കഥകൾ ഒരോന്നായി ചുരുളഴിയുന്നു. തൊട്ടാൽ പൊള്ളുന്ന യുവത്വം ക്യാംപസ് രാഷ്ടീയവുമായി ചേർന്നാൽ അടിപിടിയിൽ തന്നെ തുടങ്ങേണ്ടി വരും. മുത്തച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ കമ്മ്യൂണിസം ബോബിയുടെ സിരകളിൽ വേരുറപ്പിച്ച ഒന്നാണ്. വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായ ബോബി തൊടുന്നതിന് പിടിച്ചതിനുമൊക്കെ തല്ലുണ്ടാക്കി നടക്കുകയാണ്. രാഷ്ടീയത്തിന് പുറമെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന സഖാവായിരുന്നു അയാൾ. സൗഹൃദത്തിലായാലും ശൈലിയിൽ മാറ്റമില്ല.
അങ്ങനെ ഒരു നാൾ ബോബി ലില്ലിയെ കണ്ട് മുട്ടുന്നു. ക്രിക്കറ്റ് കളിക്ക് കൂടാൻ വന്ന ലില്ലിയെ ബോബിയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ ആദ്യം കളിയാക്കിയെങ്കിലും അവൾ ഒരു സ്റ്റേറ്റ് ലെവൽ ക്രിക്കറ്റ താരമാണെന്ന് മനസിലാക്കിയത് ഞെട്ടലോടെയായിരുന്നു. തുടക്കം അടിപിടിയിൽ തുടങ്ങിയ ബോബിയും ലില്ലിയും തമ്മിലുള്ള ബന്ധം പല സാഹചര്യങ്ങളും സംഭവവികാസങ്ങളും കാരണം പ്രണയമായി വളർന്നു. തന്റെ ആദ്യ പ്രണയവും പ്രൊഫഷനുമായ ക്രിക്കറ്റിനെയും ബോബിയെയും ഒരു പോലെ എങ്ങനെ കൊണ്ട് പോകുമെന്ന് അറിയില്ല എന്ന് ലില്ലി പറയുന്ന വേളയിൽ ക്രിക്കറ്റിനെ വേണ്ടാതായാൽ ബന്ധത്തിൽ വിള്ളലുണ്ടാകുമെന്ന് അയാൾ പറയുന്നു. ബോബി എന്ന കാമുകനേക്കാളുപരി ലില്ലിക്ക് അയാൾ ഒരു സഖാവാണെന്ന് ആദ്യം മുതൽക്കേ പറയുന്നുണ്ട്. എന്നാൽ അവർ തമ്മിൽ ആദ്യം വിള്ളലുണ്ടാകാൻ കാരണം ബോബിയുടെ ചൂടൻ
സ്വഭാവം തന്നെയായിരുന്നു. ഇത്രയും അകൽച്ച ഉണ്ടാകുമെന്ന് അയാൾ പ്രതീക്ഷച്ചതുമില്ല.
മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ബോബി ലില്ലിയെ വീണ്ടും കാണുന്നത്. ഒരുപാട് ജീവിതാനുഭവങ്ങൾ അതിനിടെ അയാൾക്കുണ്ടായി. ഈ കണ്ടുമുട്ടൽ എന്നാൽ ബോബി ഇഷ്ടപ്പെടുന്ന തരത്തിലായിരുന്നില്ല. സിനിമ നായകനിൽ നിന്ന് നായികയിലേക്ക് കൂടി കേന്ദ്രീകരിക്കപ്പെടുകയാണിവിടെ. ബോബിയെ അപ്പോഴും ഇഷ്ടപ്പെടുന്ന ലില്ലി എന്നാൽ അയാൾ പ്രണയത്തിലായ അതേ വ്യക്തി അല്ലായിരുന്നു. ചില കാതലായ മാറ്റങ്ങൾ അവളിലുണ്ടായി കഴിഞ്ഞിരുന്നു. ബോബി മനസിലാക്കിയതിനപ്പുറം ചില സത്യങ്ങൾ പിന്നെ അയാളെ തേടിയെത്തുന്നു. ഇതിന് ശേഷം വെറുമൊരു പ്രണയിനി എന്നതിനേക്കാൾ ലില്ലിയുടെ സഖാവായി പ്രവർത്തിക്കുന്ന നായകനെ കാണാം. അവളെ പഴയ പോലെ കാണാൻ അവളുടെ അവകാശങ്ങൾക്കായി വിപ്ളവം വരെ നടത്തും അയാൾ. കോമ്രേഡ് അഥവാ സഖാവ് എന്നാൽ ഒരു കൈതാങ്ങായി കൂടെ ഉണ്ടാകേണ്ടതാണെന്ന തത്വമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. നിങ്ങൾ അച്ഛനോ അമ്മ
യോ സുഹൃത്തോ പ്രണയിതാക്കളോ സഹോദരങ്ങളോ ആകട്ടെ ഒരു സഖാവ് ആയിരിക്കണം എന്നാണ് ചിത്രം പറയുന്നത്.
ഒരു പ്രണയ ചിത്രത്തിൽ നിന്ന് രണ്ടാം പകുതിക്കിടെ വച്ച് ട്രാക്ക് മാറുന്ന ചിത്രം 'കാസ്റ്റിംഗ് കൗച്ച്', ലൈംഗികാധിക്ഷേപം തുടങ്ങിയ അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്.
അഭിനയവും അണിയറയും
വിജയ് ദേവരകൊണ്ട മുൻപ് ചെയ്ത അർജുൻ റെഡ്ഢി എന്ന ചിത്രത്തിലെ കഥാപാത്രവുമായി സാമ്യം ബോബിക്കുണ്ട്. കഥാപാത്രത്തിൽ പല അവസ്ഥാന്തരങ്ങളും അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്മിക മന്ദനയുടെ മികച്ച കഥാപാത്രമാണ് ലില്ലി. നായകന് അകമ്പടി സേവിക്കുന്ന നായികാകഥാപാത്രങ്ങൾ തെലുംഗ് സിനിമകളിൽ സർവ്വസാധാരണമാണ്. എന്നാൽ ലില്ലി നായകനോളം പ്രാധാന്യമുള്ള, നായകനോടൊപ്പം നീങ്ങുന്ന കഥാപാത്രമാണ്. ചിത്രത്തിലെ മറ്റു നടീനടന്മാർ നല്ല പ്രകടനം കാഴ്ച വച്ചു. മലയാളിയായ ശ്രുതി രാമച്ചന്ദ്രൻ ചെറുതെങ്കിലും ഒരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിനെ ഗാനങ്ങൾ എടുത്ത് പറയേണ്ടതാണ്. മലയാളത്തിലേക്ക് മൊഴി മാറ്റിയ ഗാനങ്ങളാണെന്ന തോന്നൽ ഒരിക്കൽ പോലും ഉളവാക്കാത്ത മനോഹര ഗാനങ്ങൾ. ഛായാഗ്രഹണവും മികച്ചതാണ്.
നവാഗത സംവിധായകനായ ഭരത് കമ്മയുടെ നല്ലൊരു അരങ്ങേറ്റമാണ് 'ഡിയർ കോമ്രേഡ്'. പ്രണയ സിനിമ എന്നതിലുപരി നല്ലൊരു സന്ദേശം സമൂഹത്തിന് നൽകാൻ അദ്ദേഹത്തിന്റെ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബോബിയുടെയും ലില്ലിയുടെയും കഥ പ്രേക്ഷകന് നല്ലൊരു അനുഭവമാണ്.
വാൽക്കഷണം: സഖാവ് എന്ന വാക്കിന്റെ അർത്ഥമാണ് ഈ സിനിമ
റേറ്റിംഗ്: 3.5/5