തിരുവനന്തപുരം: ഒടുവിൽ അന്ന് ' ആ ഖദറിട്ട അണ്ണൻ തരുമെന്ന് യൂത്തമാർ പറഞ്ഞിട്ടു പോയി കഴിച്ച മോദകത്തിന്റെയും വടയുടെയും കാശ് യൂത്ത് കോൺഗ്രസ് നേതാക്കൾ ദിലീപിനു നൽകി വിഷയം അവ സാനിപ്പിച്ചു. കാശു കിട്ടിയ ദിലീപിന് ഇപ്പോൾ ഒരപേക്ഷയേയുള്ളൂ, തന്റെ ഫേസ്ബുക്ക് പേജിൽ യൂത്തന്മാർ നടത്തുന്ന സൈബർ പൊങ്കാല ഒന്നു നിർത്തിത്തരണമെന്ന്. തന്നെയും കുടുംബത്തെയും അത്രമേൽ കുത്തുവാക്കുകളും അസഭ്യ വാക്കുകളും കൊണ്ട് അപകീർത്തിപ്പെടുത്തുന്നത് ഇനിയെങ്കിലും നിർത്തണം. പ്ലീസ്, ദിലീപ് താണു പറയുന്നു.
കേരളകൗമുദി ഓൺലൈനാണ് മോദകത്തിന്റെ രൂപത്തിൽ ദിലീപ് നേരിട്ട ദുരിതം പുറത്തു കൊണ്ടുവന്നത്. ഇതറിഞ്ഞ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുന്നുകുഴി കാൺസിലർ ബിനു ഐ.പി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദിലീപിന് നഷ്ടപ്പെട്ട തുക കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകനും കിളിമാനൂർ സ്വദേശിയുമായ പ്രദീഷ് ക്യാന്റീനിലെത്തി ദിലീപിന് കിട്ടില്ലന്നു കരുതിയ 2,000 രൂപ കൈമാറിയത്. ആരെങ്കിലും കൊടുക്കും എന്ന ധാരണയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോദകവും വടയും കഴിച്ചതാണ് തെറ്റിധാരണക്കിടയാക്കിയത് എന്നാണ് വിശദീകരണം. പക്ഷെ ദിലിപിന് ആശ്വാസം പകുതി മാത്രമേ ആയുള്ളൂ. സോഷ്യൽ മീഡിയ വഴി തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണം കൂടി ഒന്നു നിർത്തിത്തരണം എന്നാണ് ദിലീപിന്റെ അപേക്ഷ.