കൊച്ചി: രണ്ടുവർഷം മുമ്പ് പത്തുലക്ഷത്തിലേറെ വരിക്കാരുള്ള (സബ്‌സ്‌ക്രൈബർമാർ) മലയാളം യൂട്യൂബ് ചാനലുകളുടെ എണ്ണം എത്രയായിരുന്നെന്നോ...? പൂജ്യം! രണ്ടുവർഷത്തിനിപ്പുറം, യൂട്യൂബിൽ ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന വിഭാഗമായി കുതിക്കുകയാണ് മലയാളം. 2019ലെ കണക്കനുസരിച്ച് പത്തുലക്ഷത്തിലേറെ വരിക്കാരുള്ള 17 മലയാളം യൂട്യൂബ് ചാനലുകളുണ്ടെന്ന് യൂട്യൂബ് ഇന്ത്യ ഡയറക്‌ടർ (കണ്ടന്റ് പാർട്‌ണർഷിപ്പ്‌സ്) സത്യ രാഘവൻ പറഞ്ഞു.
50ലേറെ മലയാളം ചാനലുകൾക്ക് അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിലാണ് വരിക്കാർ. 400ലേറെ ചാനലുകൾക്ക് ഒരുലക്ഷത്തിലധികം വരിക്കാരുണ്ട്. കൃഷി, ഭക്ഷണം, യാത്ര, തമാശ, വിദ്യാഭ്യാസം എന്നീ വിഭവങ്ങൾക്കാണ് മലയാളത്തിൽ ഡിമാൻഡ് കൂടുതൽ. കേരളത്തിൽ മൂന്നു കോടിയോളം പേർ സ്‌മാർട്‌ഫോൺ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയിലെ ഏറ്രവും ഉയർന്ന നിരക്കാണിത്. ഇതാണ്, യൂട്യൂബിനും കേരളത്തിൽ പ്രിയമേറാൻ കാരണം. ഓരോ വർഷവും വാച്ച് ടൈമിൽ (കാഴ്‌ച) 100 ശതമാനം ശരാശരി വളർച്ച മലയാളം കുറിക്കുന്നു.
ഇന്ത്യയിലാകെ 45 കോടിയാണ് ഇന്റർനെറ്ര് ഉപഭോക്താക്കൾ. പ്രതിമാസം 26.5 കോടി സജീവ യൂസർമാരാണ് യൂട്യൂബ് ഇന്ത്യയ്ക്കുള്ളത്. 2014ൽ പത്തുലക്ഷത്തിലേറെ വരിക്കാരുള്ള 16 ഇന്ത്യൻ യൂട്യൂബ് ചാനലുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 1,200 ചാനലുകളുണ്ട്. ഇന്ത്യയിൽ യൂട്യൂബിൽ 95 ശതമാനവും പ്രാദേശിക ഭാഷാപ്രിയമാണ്. യൂട്യൂബ് കാഴ്‌ചക്കാരിൽ 60 ശതമാനവും മെട്രോ നഗരങ്ങൾക്ക് പുറത്തു നിന്നുള്ളവരുമാണ്. ഓരോ ചാനൽ ക്രിയേറ്ററിനും പരസ്യ വരുമാനത്തിന്റെ 55 ശതമാനമാണ് യൂട്യൂബ് നൽകുന്നത്. 45 ശതമാനം തുക യൂട്യൂബിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻനിരയിൽ
കൗമുദി ടിവി
യൂട്യൂബിൽ ഏറ്റവുമധികം വരിക്കാരുള്ള മലയാളം ടിവി ചാനലുകളിൽ മുൻനിരയിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കൗമുദി ടിവി". 13 ലക്ഷം വരിക്കാർ 'കൗമുദി ടിവി"യ്ക്കുണ്ട്. വാർത്താ വിഭാഗത്തിൽ രണ്ടാംസ്ഥാനവും 'കൗമുദി ടിവി"യ്ക്കാണ്.