തളിപ്പറമ്പ്: സംസ്ഥാന ഭാഗ്യക്കുറിയെടുത്ത് ജീവിതത്തിൽ ഒരു തവണയൊക്കെ ഭാഗ്യദേവത അനുഗ്രഹിച്ചവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ രണ്ട് തവണ ഭാഗ്യദേവത അനുഗ്രഹിച്ചാലോ? അങ്ങനെയൊരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്. കണ്ണൂർ പറശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരനായ പി.എം അജിതനാണ് ആ ഭാഗ്യവാൻ. 40 ലക്ഷം രൂപയും 50 പവനും ലോട്ടറിയടിച്ചതിനു പിന്നാലെ അജിതനെ തേടി ഇപ്പോൾ 5 കോടിയുടെ ബംബർ സമ്മാനവും എത്തുകയായിരുന്നു.
ഒൻപത് വർഷം മുമ്പാണ് അജിതനെ 40 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിയത്. ഇപ്പോൾ തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രനിൽ നിന്നു വാങ്ങിയ ബംബർ ടിക്കറ്റിനാണു അഞ്ച് കോടിയുടെ ഭാഗ്യം. ലോട്ടറി ഫലം വന്നപ്പോൾ തന്നെ അടുത്ത സൃഹൃത്തുക്കളോട് സമ്മാന വിവരം പറഞ്ഞിരുന്നുവെങ്കിലും പലരും വിശ്വസിച്ചിരുന്നില്ല. മരുമകൻ ജോലി ചെയ്യുന്ന പുതിയതെരു കാനറ ബാങ്ക് ശാഖയിൽ അന്നു തന്നെ ടിക്കറ്റ് ഏൽപ്പിച്ചിരുന്നു. ഇന്നലെ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണു മറ്റുള്ളവരോടു കാര്യം പറഞ്ഞത്. 35 വർഷത്തോളമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ക്ലാർക്കായി ജോലി ചെയ്യുകയാണ് അജിതൻ.
2011ൽ വിൻ-വിൻ ലോട്ടറിയുടെ 40 ലക്ഷവും 50 പവനും അടിച്ച ശേഷം പതിവായി ലോട്ടറി എടുക്കാറുണ്ട്. തൃപ്തി തോന്നുന്ന നമ്പറുകൾ നോക്കിയാണ് ടിക്കറ്റ് എടുക്കുക. സവിതയാണു ഭാര്യ. മകൻ അതുൽ സൗദിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. മകൾ അഞ്ജന ബി.ടെക് വിദ്യാർഥിനിയാണ്.