കൊച്ചി: ലാത്തിച്ചാർജിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത അമർഷം പുകഞ്ഞുനിൽക്കെ ചേർന്ന സി.പി.ഐ എറണാകുളം ജീല്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമർശനം. കാനം രാജേന്ദ്രൻ പാർട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞുവെന്നും നേതൃത്വം പരസ്യമായ മാപ്പ് പറയലിന് തയ്യാറാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇങ്ങനെ പോയാൽ പാർട്ടിയുടെ ജാഥയ്‌ക്ക് ആളെ കിട്ടില്ലെന്നും ചില അംഗങ്ങൾ പരസ്യമായി പറഞ്ഞു. ആലുവയിൽ ചേർന്ന യോഗത്തിൽ കാനം രാജേന്ദ്രൻ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു. പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ജില്ലാ കൗൺസിലിലെ ചില അംഗങ്ങൾ സൂചന നൽകിയതിനെ തുടർന്നാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയതെന്നാണ് വിവരം.
യോഗം ആരംഭിച്ചപ്പോൾ തന്നെ പൊലീസ് നടപടി സംബന്ധിച്ച വിഷയം പാർട്ടി ജില്ലാ സെക്രട്ടറി പി.രാജു അവതരിപ്പിച്ചു. വൈപ്പിനിൽ വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.പി.ഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐ നിഷ്പക്ഷമായല്ല പ്രവർത്തിച്ചത് എന്നാരോപിച്ചാണ് പ്രവർത്തകർ കൊച്ചി ഡി.ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. സി.ഐ.യെ സ്ഥലം മാറ്റണമെന്നായിരുന്നു ആവശ്യം. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നത്. പിന്നീട് പാർട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് എറണാകുളം ഡി.ഐ.ജി.ഓഫിസിലേക്ക് മാറ്റി. മാർച്ച് നടത്തുന്ന വിവരം അറിയിച്ചപ്പോൾ കാനം അതിനെ എതിർത്തിരുന്നില്ല. എന്നാൽ ഇപ്പോൾ മാർച്ചിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി തീരുമാനത്തെയാണ് കാനം തള്ളിപ്പറഞ്ഞത്., ഇതുമൂലം മൂവാറ്റുപുഴ എം.എൽ.എയ്‌ക്ക് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ നേതൃത്വം പരസ്യമായി മാപ്പ് പറയണം. ഇല്ലെങ്കിൽ പാർട്ടി നടത്തുന്ന ജാഥകൾക്ക് ആളെ കിട്ടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
അതിനിടെ, പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ എൽദോ എബ്രഹാം എം.എൽ.എയെ കാനം ആലുവ ഗസ്‌റ്റ് ഹൗസിലെത്തി സന്ദർശിച്ചു. കാനത്തോട് വിഷയങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ടെന്നും എന്നാൽ പൊലീസിനെതിരായ നിലപാടിൽ മാറ്റമില്ലെന്നും എൽദോ എബ്രഹാം പിന്നീട് പ്രതികരിച്ചു. എന്നാൽ കാനം രാജേന്ദ്രനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നടത്തിയത്. സി.പി.ഐ സഖാക്കൾക്ക് അടികിട്ടുന്നത് സി.പി.എമ്മിന് കൊള്ളുന്നത് പോലെയാണെന്ന് പറഞ്ഞ കോടിയേരി കാനത്തിന്റെ നിലപാട് സന്ദർഭത്തിന് യോജിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. കാനത്തിനോട് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ട്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധം മാദ്ധ്യമങ്ങൾ വിചാരിച്ചാൽ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ കൊച്ചി സിറ്റി അസി. കമ്മിഷണർ കെ. ലാൽജി, എസ്.ഐ വിപിൻദാസ് എന്നിവരുടെ മൊഴി കളക്ടർ ഇന്ന് രേഖപ്പെടുത്തും. അതേസമയം എം.എൽ.എയെ തങ്ങൾ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. എറണാകുളം ഗസ്റ്റ് ഹൗസിൽ എൽദോ എബ്രഹാമിൽ നിന്നും കളക്‌ടർ മൊഴി രേഖപ്പെടുത്തും.