suchithra-krishnamoorthi

തന്റെ കൂടെ ഫോൺ സെക്സ് ചെയ്യാമോ എന്ന് ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി. 'ലകോസ്റ്റ മഫീസ' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് നടിക്ക് അശ്‌ളീല സന്ദേശം ലഭിച്ചത്. ദേശീയ ക്രൈം പ്രിവെൻഷൻ കൗൺസിലിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇങ്ങനെ സ്ത്രീകളെ ഉപദ്രവിക്കാനാകുമോ എന്നാണു നടി ചോദിക്കുന്നത്. ഇയാൾ താൻ 'ദേശീയ ക്രൈം പ്രിവെൻഷൻ കൗൺസിലിൽ' ജോലി ചെയ്യുന്നു എന്നാണ് ഫേസ്ബുക്കിൽ കൊടുത്തിരിക്കുന്നത്.

ആഫ്രിക്കയിലെ കെനിയ ആണ് ഇയാളുടെ രാജ്യം എന്നും അക്കൗണ്ടിലുണ്ട്. ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തി സുചിത്ര കൃഷ്ണമൂർത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. മുംബയ് പൊലീസിനെയും, മഹാരാഷ്ട്രയിലെ സൈബർ പൊലീസിനെയും സുചിത്ര ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. അധികം താമസിയാതെ തന്നെ മുംബൈ പൊലീസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി സുചിത്രയുടെ പരാതിയോട് പ്രതികരിച്ചു.

ഞങ്ങൾ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ടെന്നും സുചിത്രയെ ബന്ധപ്പെടാനുള്ള വിവരങ്ങൾ അയച്ചുതരണമെന്നും മുംബയ് പൊലീസ് നടിയോട് ആവശ്യപ്പെട്ടു. ഇതിന് സുചിത്ര നന്ദി അറിയിച്ചു. തനിക്കെതിരെ നിലവിൽ ഭീഷണിയൊന്നുമില്ലെന്നും ഈ വിവരം കൈമാറിയത് മാത്രമാണ് താനെന്നും എന്നാൽ തന്നെപ്പോലൊരാൾക്ക് ഇങ്ങനെ സംഭവിയ്ക്കാമെങ്കിൽ സാധാരണ പെൺകുട്ടികളുടെ കാര്യം എന്താകുമെന്ന് നടി മുംബൈ പൊലീസിനോട് ചോദിച്ചു. ഇംഗ്ലീഷ് സിനിമ സംവിധായകൻ ശേഖർ കപൂറിന്റെ ഭാര്യ ആയിരുന്നയാളാണ് സുചിത്ര കൃഷ്ണമൂർത്തി. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനൊപ്പവും സുചിത്ര അഭിനയിച്ചിട്ടുണ്ട്.