റാഞ്ചി: കോൺഗ്രസ് എം.എൽ.എയെ ജയ് ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് ജാർഖണ്ഡിലെ നഗരവികസന വകുപ്പ് മന്ത്രി സി.പി സിംഗ്. നിയമസഭയ്ക്ക് മുന്നിൽ മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. കോൺഗ്രസ് എം.എൽ.എ ഇമ്രാൻ അൻസാരിയോട് ജയ് ശ്രീറാം എന്ന് വിളിക്കാൻ മന്ത്രി നിർബന്ധിക്കുകയായിരുന്നു.
ഇമ്രാൻ ഭായി ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്ക് ആഗ്രഹമുണ്ട്. താങ്കളുടെ മുൻഗാമികൾ ബാബറിന്റെ അല്ല രാമന്റെ ആളുകളായിരുന്നുവെന്നും മന്ത്രി പറയുന്നു. താങ്കൾക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നും,തൊഴിലും വൈദ്യുതിയും വികസനവുമാണ് രാജ്യത്തിന് ആവശ്യമെന്നും മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്നും എം.എൽ.എ പറയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.