ma-nishad

കൊച്ചി: 'ജയ് ശ്രീറാം' വിവാദത്തിൽ പ്രതികരിച്ച് മലയാള സിനിമാ സംവിധായകൻ എം.എ നിഷാദ്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ മുഴക്കിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു എം.എ.നിഷാദ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നിഷാദ് പ്രതികരണം നടത്തിയിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ വർത്തമാനകാലത്തിന്റെ പ്രതീക്ഷയാണെന്നും, ഉത്തമ പുരുഷനും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകവുമായ ശ്രീരാമന് ജയ് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും നിഷാദ് പറയുന്നു. എന്നാൽ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ലെന്നും അത് കലാപമാണെന്നും കൊലവിളിയാണെന്നും നിഷാദ് ചൂണ്ടിക്കാട്ടുന്നു.

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരെഴുതിയ കത്തിൽ ഒപ്പുവച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമർശിചിരുന്നു. അതിന് തക്ക മറുപടിയുമായി അടൂരും അദ്ദേഹത്തെ പിന്തുണച്ച് ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ അടൂരിന് പേര് മാറ്റി അന്യഗ്രഹങ്ങളിൽ പോകാമെന്നാണ് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചത്. വേണ്ടി വന്നാൽ അടൂരിന്റെ വീടിന്റെ മുന്നിൽ ജയ് ശ്രീറാം വിളിക്കുമെന്ന മുന്നറിയിപ്പും ഗോപാലകൃഷ്ണൻ നൽകി. മാതൃകാ പുരുഷനായ ശ്രീരാമന്റെ മഹത്വം സംഘപരിവാർ കളങ്കപ്പെടുത്തുകയാണെന്ന് അടൂരും തിരിച്ചടിച്ചു. ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാൽ പോകാമെന്നും തന്റെ വീടിന്റെ മുന്നിൽ ജയ് ശ്രീറാം വിളിക്കാൻ താനും കൂടാമെന്നും അദ്ദേഹം പരിഹസിച്ചു.

നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

"പ്രതീക്ഷയാണ് അടൂർ സാർ...വർത്തമാനകാലത്തിന്റെ പ്രതീക്ഷ...

ശ്രീരാമന്‍ ഉത്തമ പുരുഷനാണ്..
ശ്രീരാമന്‍ സ്‌നേഹത്തിന്റെയും,സമാധാനത്തിന്റെയും പ്രതീകമാണ്...
ശ്രീരാമന്‍ തന്റെ പ്രജകളേ സനേഹിച്ച രാജാവുമായിരുന്നു...
അങ്ങനെയുളള ശ്രീരാമന് ജയ് വിളിക്കുന്നതിൽ എന്താണ് തെറ്റ്...
പക്ഷെ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ല...
അത് കലാപമാണ്...
അത് കൊലവിളിയാണ്...
''ഒട്ടകത്തിന്റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്...
ആ വിളി കേട്ടാല്‍ ശ്രീരാമന്റെ ഹൃദയം വേദനിക്കും....
രാമായണവും,മഹാഭാരതവും മനസ്സിരുത്തി വായിച്ചാൽ രാമനെ അറിയാം...ശ്രീകൃഷ്ണനെ അറിയാം...അവർ യുഗപുരുഷന്മാരാണ്...മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവർ...

NB
എല്ലാവിധ ആൾക്കൂട്ട കൊലപാതകങ്ങളേയും,അക്രമങ്ങളേയും അപലപിക്കുന്നു...അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല...'