തൃശൂർ: പ്രശസ്ത മലയാള കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആധുനിക മലയാള കവിത ജനകീയമാക്കുന്നതിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാഹിത്യ അക്കാഡമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിൻഡിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു.