kargil

ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപതാം വാർഷികാഘോഷം, യുദ്ധവിജയം നേടിയ ദ്രാസിലെ യുദ്ധസ്മാരകത്തിൽ ആഘോഷിച്ചു.

മോശം കാലാവസ്ഥ കാരണം ദ്രാസിലെത്താൻ കഴിയാതിരുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദ് ശ്രീനഗറിലെ ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്തു. രാജ്യത്തിനു വേണ്ടി കാർഗിലിൽ പോരാടിയ സൈനികരുടെ ധീരതക്ക് മുന്നിൽ രാജ്യം നമിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

സൈനികരുടെ ധൈര്യത്തേയും സമർപ്പണത്തേയും ഒാർമിപ്പിക്കുന്നതാണ് കാർഗിൽ വിജയ ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

കാർഗിലിൽ പോയതിന്റെയും സൈനികരുമായി ആശയവിനിമയം നടത്തുന്നതിന്റെയും ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ദേശീയ യുദ്ധസ്മാരകത്തിൽ സ്മൃതി ചക്രമർപ്പിച്ചു. നിഴൽ യുദ്ധം ചെയ്യാൻ മാത്രമേ പാകിസ്ഥാന് കഴിയുകയുള്ളൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. കരസേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ മൂന്ന് സേനാമേധാവികളും ദ്രാസിൽ വീരമൃത്യുവരിച്ച സൈനികരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.