പാട്ന: ബീഹാറിലെ മഹാദേവ ഗ്രാമത്തിലുള്ളവരുടെ ഞെട്ടൽ മാറിയിട്ടില്ല. ഒരു മുഴക്കത്തോടെയാണ് അത് ആകാശത്ത് പാഞ്ഞു വന്നത്. പാടത്തെ ചേറിൽ വന്നു വീണപ്പോഴും പുകയുന്നുണ്ടായിരുന്നു. പണിക്കാർ ജീവനും കൊണ്ടോടി. പുക അടങ്ങിയപ്പോഴാണ് തിരിച്ചെത്തി പരിശോധിച്ചത്. പതിനഞ്ച് കിലോഗ്രാം ഭാരമുള്ള ഫുട്ബാളിന്റെ വലിപ്പമുള്ള ചുട്ടുപഴുത്ത ഒരു ഉൽക്ക ശിലയാണ് അവരുടെ തലയ്‌ക്ക് മീതേ കൂടി പാഞ്ഞ് വയലിൽ വീണത്. അവിടെ നാലടി ആഴമുള്ള കുഴി രൂപപ്പെട്ടു.
ബുധനാഴ്ചയായിരുന്നു സംഭവം. കുഴിക്ക് ചുറ്റും കൂടി നിൽക്കുന്ന ഗ്രാമീണരുടെ ചിത്രങ്ങളും വൈറലായി.
പാടത്ത് നിന്ന് വീണ്ടെടുത്ത ഉൽക്ക ബീഹാർ മ്യൂസിയത്തിലേക്ക് മാറ്റി. പൊട്ടിത്തകർന്ന നിലയിലായിരുന്നു ശില. ഇതിന്റെ വലിപ്പമേറിയ കഷണമാണ് മ്യൂസിയത്തിലെത്തിച്ചത്. ചെറിയ കഷണങ്ങളും കിട്ടി.
ഒറ്റനോട്ടത്തിൽ സാധാരണ പാറ പോലെയാണ്. എന്നാൽ ഇരുമ്പ് അടുത്തു കൊണ്ടുവന്നാൽ ആകർഷിക്കും. ഈ കാന്തിക സ്വഭാവമാണ് ഉൽക്കയാണെന്നതിന് തെളിവ്. പാറക്കഷണം പോലെയാണെങ്കിലും ഭാരമേറും. തീപിടിച്ചു പാഞ്ഞെത്തിയതിനാൽ പല കഷണങ്ങൾക്കും നല്ല തിളക്കമാണ്.
ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹങ്ങളുടെയും വാൽനക്ഷത്രങ്ങളുടെയും ഭാഗമാണിത്. അവയിൽ നിന്ന് ചില കഷണങ്ങൾ ഭൂമിയിലേക്ക് എത്താറുണ്ട്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഘർഷണം കാരണം കത്തിത്തീരുകയാണു പതിവ്. കത്തി തീരാത്ത കഷണങ്ങളാണ് ഭൂമിയിൽ വീഴുന്നത്. അത്രയേറെ വലിപ്പവും കാഠിന്യവുമുള്ള ഉൽക്കയുടെയോ ഛിന്നഗ്രഹത്തിന്റെയോ ഭാഗമായതിനാലാണ് മുഴുവൻ കത്താതെ വീഴുന്നത്. ബീഹാറിൽ വീണത് അത്തരമൊരു ഉൽക്കയുടെ ഭാഗമാകാമെന്നും ഗവേഷകർ പറയുന്നു.
സൗരയൂഥത്തിന്റെ ഉത്പത്തിയെക്കുറിച്ചുൾപ്പെടെയുള്ള സുപ്രധാന വിവരങ്ങളും ‘ഒളിപ്പിച്ചു വച്ചാണ്’ ഉൽക്കകളുടെ സഞ്ചാരം. ഇവയ്‌ക്ക് ബഹിരാകാശ ശാസ്ത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.
2013ൽ റഷ്യയിലെ യൂറാൾ മേഖലയിൽ വന്നുവീണ ഉൽക്ക പൊട്ടിത്തെറിച്ച് ആയിരത്തിലേറെ പേർക്കു പരിക്കേറ്റിരുന്നു. ഒട്ടേറെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 2016ൽ തമിഴ്നാട്ടിൽ ഉൽക്ക വീണ് ഒരു ബസ് ഡ്രൈവർ കൊല്ലപ്പെട്ടെന്ന വാർത്തയും പ്രചരിച്ചിരുന്നു.