adoor-kummanam

തിരുവനന്തപുരം: ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെതിരെ മിസോറാം മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ രംഗത്തെത്തി. രാമനെ അടൂർ വർഗീയമായി ചിത്രീകരിച്ചുവെന്ന് കുമ്മനം ആരോപിച്ചു. ജയ് ശ്രീറാം വിളിയോട് അടൂരിന് അസഹിഷ്‌ണുതയാണ്. എന്തുകൊണ്ടാണ് അടൂരിന് ഇത്തരമൊരു വിരോധമെന്ന് മനസിലാകുന്നില്ല. ആക്രമണത്തെ എതിർക്കാൻ ശ്രീരാമ മന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹം വിശദീകരണം നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

അതേസമയം, അടൂരിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. ലോക പ്രശസ്ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂർ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാർ പ്രഖ്യാപനം നാടിനെ അപമാനിക്കലാണ്. ആരെയും എന്തിനെയും ഭീഷണിയിലൂടെയും അക്രമത്തിലൂടെയും വരുതിയിലാക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമം കേരള നാട്ടിൽ വിലപോവില്ല. രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ 48 പ്രമുഖകർക്കൊപ്പം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതിന്റെ പേരിലാണ് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരെ നാടുകടത്തൽ ഭീഷണിയുണ്ടായിരിക്കുന്നത്.

പുരസ്‌കാരങ്ങൾക്കും കസേരകൾക്കും പിന്നാലെ പോകുന്ന ആളല്ല അടൂർ. എന്നിട്ടും കേന്ദ്രസർക്കാരിന്റെ പരിഗണന കിട്ടാത്തതിനാലാണ് പ്രതിഷേധമെന്ന ആർ.എസ്.എസ് നേതാവിന്റെ വ്യാഖ്യാനം ഉന്നത കലാകാരനെ അവഹേളിക്കലാണ്. പച്ചില കാട്ടി ചിലരെ വിലയ്ക്കു വാങ്ങുംപോലെ ഉത്തമ കലാകാരന്മാരെ സംഘപരിവാറിന്റെ മനുഷ്യത്വഹീന രാഷ്ട്രീയത്തിന്റെ ഒത്താശക്കാരാക്കാൻ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അത് ചർച്ച ചെയ്യാനുമുള്ള അവകാശം ജനാധിപത്യം തരുന്നുണ്ട്. എന്നാൽ, എതിരഭിപ്രായം പാടില്ലായെന്ന സംഘപരിവാറിന്റെ ശാഠ്യം അംഗീകരിക്കാനാവില്ല. അത് അംഗീകരിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകുകയും ഫാസിസത്തിന്റെ വിളയാട്ടമാവുകയുമായിരിക്കും ഫലം.

'ജയ് ശ്രീറാം' വിളി ആളെക്കൊല്ലാനും, മതം മാറ്റാനുമുള്ളതാകരുതെന്ന അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ രാജ്യത്തെ പ്രമുഖരുടെ അഭിപ്രായം പ്രധാനമന്ത്രിക്ക് മുന്നിലാണ് കത്ത് മുഖാന്തിരം അവതരിപ്പിച്ചത്. അതിന് അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പോകാൻ കൽപ്പന പുറപ്പെടുവിച്ച ആർ എസ് എസ് നേതാവിന്റെ നടപടി വ്യക്തിപരമോ, ഒറ്റപ്പെട്ടതോ ആയി കാണാനാകില്ല.

പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് ആർ.എസ്.എസ് കൊലവിളി നടത്തിയതിൽ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുണ്ട്. അടൂരിനെതിരായ നാടുകടത്തൽ കൽപ്പനയെ തള്ളിപറയാൻ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും തയ്യാറായിട്ടില്ലായെന്നത്, സംഘപരിവാറിന്റെ അക്രമണോത്സുക രാഷ്ട്രീയത്തെ എതിർത്താൽ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് യഥാർത്ഥത്തിലുണ്ടായിരിക്കുന്നത്. കേരളത്തിന്റെ യശസ്സ് ലോകമാകെ എത്തിച്ച കലാകാരനായ അടൂർ ഗോപാലകൃഷ്ണന്റെ പിന്നിൽ സംസ്‌കാര കേരളവും ജനാധിപത്യമനസ്സുള്ള കേരളീയരും ഒറ്റക്കെട്ടായി നിലയുറപ്പിക്കും.