karnataka-problem

ബംഗളുരു:കർണാടകത്തിൽ മൂന്നാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും കോൺഗ്രസ്- ദൾ സഖ്യ സർക്കാരിന്റെ പതനത്തിനും പിന്നാലെ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ഇന്നലെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. തിങ്കഴാഴ്ച വിശ്വാസവോട്ടു തേടും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ അതിന് ശേഷമായിരിക്കും. എഴുപത്തിയാറാം വയസിൽ, നാലാം തവണ മുഖ്യമന്ത്രിയാകുന്ന യെദിയൂരപ്പ മൂന്നു തവണയും കാലാവധി തികച്ചിരുന്നില്ല.

ഇന്നലെ വൈകിട്ട് ആറരയോടെ രാജ്ഭവനിൽ ഗവർണർ വാജുഭായ് വാല യെദിയൂരപ്പയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസും ജെ.ഡി.എസും ചടങ്ങ് ബഹിഷ്‌കരിച്ചു.

കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ നിന്നുമായി 15 എം.എൽ.എമാർ രാജിവച്ചതോടെ തുലാസിലായ കുമാരസ്വാമി സർക്കാർ ചൊവ്വാഴ്ചയാണ് നിലംപൊത്തിയത്. കൂറുമാറിയ മൂന്ന് എം.എൽ.എമാർക്ക് സ്പീക്കർ അയോഗ്യത കല്പിച്ചതോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കം ബി.ജെ.പി വേഗത്തിലാക്കുകയായിരുന്നു. സത്യപ്രതിജ്ഞ ഇന്നലെത്തന്നെ നടത്താൻ രാവിലെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ യെദിയൂരപ്പയെ വിളിച്ച് നിർദ്ദേശം നൽകി.

224 അംഗ നിയമസഭയിൽ, മൂന്നു പേരെ അയോഗ്യരാക്കിയതോടെ അംഗസംഖ്യ 221 ആയി. കേവലഭൂരിപക്ഷത്തിന് 111 പേർ വേണമെന്നിരിക്കെ, ഒരു സ്വതന്ത്രൻ ഉൾപ്പെടെ ബി.ജെ.പിക്കൊപ്പമുള്ളത് 105 അംഗങ്ങളാണ്. കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിൽ ഹാജരാകാതിരുന്ന അംഗം ഉൾപ്പെടെ മറുപക്ഷത്ത് 100 പേരേ ഉള്ളൂ.

ജൂലായ് 31 നു മുമ്പ് ധനബിൽ പാസാക്കണമെന്നിരിക്കെ യെദിയൂരപ്പ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ ഭരണ പ്രതിസന്ധിയാകും. എങ്കിൽ നിയമസഭ പിരിച്ചുവിടുമെന്ന് സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

യെദിയൂരപ്പ

പേരു മാറ്റി

മൂന്നു തവണ മുഖ്യമന്ത്രിയായിട്ടും കാലാവധി തികയ്ക്കാൻ കഴിയാതിരുന്ന ബി.എസ്. യെദിയൂരപ്പ അവസാന പരീക്ഷണമെന്നോണം പേരിലെ അക്ഷരങ്ങൾ പരിഷ്കരിച്ചു! പേരിലെ ഇംഗ്ളീഷ് അക്ഷരങ്ങളിൽ നിന്ന് ഒരു 'ഡി' വെട്ടിക്കുറച്ചും, ഒരു 'ഐ' കൂട്ടിച്ചേർത്തുമാണ് പരിഷ്‌കാരം.സംഖ്യാശാസ്ത്രകാരന്മാരുടെയും ജ്യോതിഷികളുടെയും ഉപദേശപ്രകാരമാണ് അക്ഷരദോഷ പരിഹാരം.

മുഖ്യമന്ത്രിയായി

നാലാം വട്ടം

 യെദിയൂരപ്പ ആദ്യം മുഖ്യമന്ത്രിയായത് 2007 നവംബർ 12 ന്. ജെ.ഡി.എസുമായുള്ള സഖ്യ ധാരണയനുസരിച്ച് ആദ്യ പകുതിയിൽ എച്ച്.ഡി. കുമാരസ്വാമിയും രണ്ടാം പകുതിയിൽ യെദിയൂരപ്പയുമായിരുന്നു മുഖ്യമന്ത്രി. യെദിയൂരപ്പ അധികാരമേറ്റെങ്കിലും ജെ.ഡി.എസ് പാലം വലിച്ചു. ഏഴാം ദിവസം പതനം

 2008 മേയിൽ രണ്ടാം തവണ മുഖ്യമന്ത്രിയായി. മൂന്നു വർഷം തികച്ചപ്പോഴാണ് അഴിമതി കേസ് കുരുക്കായത്. ഭൂമി ഇടപാടു കേസിൽ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യാൻ ലോകായുക്ത കോടതി വിധിച്ചു. 2011 ഒക്ടോബർ 15 ന് അറസ്റ്റ്.

 മൂന്നാമൂഴം രണ്ടേ രണ്ടു ദിവസം. 2018 മേയ് 17 ന് സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാകാതെ, വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് രാജിവച്ചു. ചതിച്ചത് കോൺഗ്രസും ജെ.ഡി.എസും