ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പൽ എം.ടി റിയയിലെ 12 ഇന്ത്യക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
എണ്ണ കടത്തിയെന്നാരോപിച്ച് ഈ മാസം 14നാണ് പാനമയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്കിൽവച്ച് ഇറാൻ പിടിച്ചെടുത്തത്. യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ.ആർ.ബി പെട്രോകെമിക്കൽസ് കമ്പനി വാടകയ്‌ക്കെടുത്ത കപ്പലായിരുന്നു എം.ടി റിയ. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപോറയിലെ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. മൂന്ന് മലയാളികളടക്കം 18 ഇന്ത്യക്കാരാണു സ്റ്റെന ഇംപരോയിലുള്ളത്. ഇതോടെ, ഇറാൻ പിടിച്ചെടുത്ത ഇരുകപ്പലുകളിൽനിന്നായി ഇനിയും 21 ഇന്ത്യക്കാരെയാണ് വിട്ടയ്ക്കാനുള്ളത്. റഷ്യ, ലാത്വിയ, ഫിലിപ്പിനോ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് സ്റ്റെന ഇംപരോയിലെ മറ്റ് ജീവനക്കാർ.
മാത്രമല്ല, സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തിയെന്നാരോപിച്ച് ജൂലായ് നാലിന് ജിബ്രാൾട്ടർ കടലിടുക്കിൽവച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് വണിലും 24 ഇന്ത്യക്കാരുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മിഷനിലെ കോൺസൽ അനിൽ നൗട്യാൽ സന്ദർശിച്ചിരുന്നു. ഗ്രേസ് വണിലെ നാലു നാവികരെ അറസ്റ്റു ചെയ്തതായും ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടതായും റിപ്പോർട്ടുകളുണ്ട്.
''ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, യാത്രാരേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സുഗമമാക്കുകയാണ്."- കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ
''ഗ്രേസ് വൺ കപ്പലിലെ ജീവനക്കാരെല്ലാം വളരെ ശാന്തരായാണ് കാണപ്പെട്ടത്. ഭയത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളുമായി അവർ ഇടയ്ക്ക് ബന്ധപ്പെടുന്നുണ്ട്. "- രവീഷ് കുമാർ, വിദേശകാര്യ മന്ത്രാലയ വക്താവ്