sai

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സന്തോഷവും സങ്കടവും. ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി സായ് പ്രണീത് സെമി ഫൈനലിൽ കടന്നപ്പോൾ വനിത സിംഗിൾസിൽ ഇന്ത്യൻ സെൻസേഷൻ പി.വി. സിന്ധു ക്വാർട്ടറിൽ തോറ്റ് പുറത്തായി.

സൂപ്പർ സായ്

ഇന്തോനേഷ്യൻ സൂപ്പർതാരം ടോമ്മി സുഗിയാർത്തോയെ ക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സായ് അവസാന നാലിൽ എത്തിയത്. വെറും 36 മിനിറ്റിൽ 21-12, 21-15നായിരുന്നു സാ‌യ്‌യുടെ ജയം. മുൻ സിംഗപ്പൂർ ഓപ്പൺ ചാമ്പ്യനായ സായ് തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള സുഗിയാർത്തോയ്ക്കെതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഇന്തോനേഷ്യൻ താരത്തിന് ഒന്ന് പൊരുതാനുള്ള അവസരം പോലും നൽകാതെ സായ് മത്സരത്തിന്റെ കടിഞ്ഞാൺ കൈപ്പിടിയിലാക്കുകയായിരുന്നു. ആദ്യ ഗെയിമിൽ തുടക്കത്തിൽ 1-1ന്റെ സമനിലയിൽ നിന്ന് കുതിച്ചു കയറിയ പ്രണീത് ഒരിക്കിൽപ്പോലും സുഗിയാർത്തോയെ ലീഡ് നേടാൻ അനുവദിച്ചില്ല. 21-12ന് അനായാസം സായ് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാമത്തെ ഗെയിമിൽ സുഗിയാർത്തോ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സായ്‌യുടെ പോരാട്ടവീര്യത്തെ മറികടക്കാൻ അദ്ദേഹത്തിനായില്ല. ജപ്പാന്റെ കെന്റോ മൊമോട്ടോയാണ് സെമിയിൽ സായ്‌യുടെ എതിരാളി.

പിന്നേം യാമഗുച്ചി

വനിതാ സിംഗിൾസിൽ സിന്ധുവിന്റെ വിജയപ്രീതക്ഷകൾക്ക് വീണ്ടും ജപ്പാൻകാരി അകേൻ യാമഗുച്ചി വിലങ്ങ് തടിയാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യ ഓപ്പൺ ഫൈനലിൽ തന്നെ കീഴടക്കിയ യാമഗുച്ചിയോട് പകരം വീട്ടാനിറങ്ങിയ സിന്ധു പക്ഷേ ഒരിക്കൽക്കൂടി ഇടറിവീണു. അമ്പത് മിനിറ്റ് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകളിൽ 18-21, 15-21നാണ് സിന്ധു തോറ്രത്. ആദ്യ ഗെയിമിൽ 11-7ന് ലീഡ് നേടി സിന്ധു പ്രതീക്ഷ നൽകിയെങ്കിലും തകർപ്പൻ തിരിച്ചുവരവ് നടത്തിയ യാമഗുച്ചി 18-21ന് ജയിച്ചുകയറി. അടുത്ത ഗെയിമിലും മികവ് തുടർന്ന യാമഗുച്ചി മൂന്നാം ഗെയിമിലേക്ക് നീട്ടാതെ മത്സരം സ്വന്തമാക്കുകയായിരുന്നു. ചൈനയുടെ ചെൻ യു ഫെയി‌യാണ് സെമിയിൽ യാമഗുച്ചിയുടെ എതിരാളി.