karnataka

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 6.30നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസും ജെ.ഡി.എസും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. തിങ്കളാഴ്ച സഭയിൽ യെദ്യൂരപ്പ വിശ്വാസ വോട്ട് തേടും. അതിനുശേഷമായിരിക്കും മറ്റുമ്ന്തിരമാർ സത്യപ്രതിജ്ഠ ചെയ്യുക.

ഇന്ന് രാവിലെ 10 ന് രാജ്ഭവനിലെത്തി യെദ്യൂരപ്പ ഗവർണർ വാജുഭായി വാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം യെദ്യൂരപ്പ അറിയിച്ചിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നൽകിയതായും യെദ്യൂരപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പതിനെട്ട് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ടിൽ പരാജയപ്പെട്ട് സർക്കാർ രാജിവച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര എം.എൽ.എയെയും രണ്ട് കോൺഗ്രസ് വിമത എം.എൽ.എമാരെയും കഴിഞ്ഞ ദിവസം സ്പീക്കർ കെ.ആർ.രമേഷ് കുമാർ അയോഗ്യരാക്കിയിരുന്നു. സ്വതന്ത്ര എം.എൽ.എ ആർ.ശങ്കർ(കെ.പി.ജെ.പി), കോൺഗ്രസ് എം.എൽ.എമാരായ രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. മറ്റുള്ള എം.എൽ.എമാരുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നും സ്‌പീ‌ക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജിവച്ച പതിനഞ്ച് എം.എൽ.എമാർക്കെതിരെ കോൺഗ്രസും ജെ.ഡി.എസും അയോഗ്യതയ്ക്ക് ശുപാർശ നൽകിയിരുന്നു.