abhijith-faundation

തിരുവനന്തപുരം: അഭിജിത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്‌കാരങ്ങൾ ഗവർണർ പി. സദാശിവം കെെമാറി. മികച്ച ജീവകാരുണ്യ പ്രസ്ഥാനത്തിനുള്ള രണ്ട് ലക്ഷം രൂപയുടെ പുരസ്കാരം പാലിയം ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് ‌ഡോ. എം. ആർ. രാജഗോപാലും മികച്ച സാമൂഹിക പ്രവർത്തകയ്‌ക്കുള്ള 50,​000 രൂപയുടെ പുരസ്കാരം അശ്വതി ജ്വാലയും ഏറ്റുവാങ്ങി.

മാദ്ധ്യമ പുരസ്കാരം മനോരമ ന്യൂസിനാണ് ലഭിച്ചത്. അഭിജിത്തിന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാര ചടങ്ങ് നടന്നത്. മകൻ നഷ്ടപ്പെട്ട വേദനയിലും അവന്റെ ഒാർമ്മക്കായി മഹത്തായ കാര്യങ്ങൾ ചെയ്യുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും ഗവർണർ അഭിനന്ദിച്ചു. വി.എസ് ശിവകുമാർ എം.എൽ.എ പരിപാടിയുടെ അദ്ധ്യക്ഷനായി.

ഫൗണ്ടേഷൻ രക്ഷാധികാരി എൻ. ശക്തൻ,​ പ്രസിഡന്റ് ജി. സുബോധരൻ,​ മുൻ ചീഫ് സെക്രട്ടറി കെ. ജ.കുമാർ,​ ജി. ശേഖരൻ നായർ,​ ജോർജ് ഒാണക്കൂർ,​ രക്ഷാധികാരിയും അഭിജിത്തിന്റെ പിതാവുമായ കോട്ടുകാൽ കൃഷ്ണകുമാർ,​ അഭിജിത്ത് ഫൗണ്ടേഷൻ സെക്രട്ടറി അജിത് വെണ്ണിയൂർ,​ ഫാദർ മാത്യു തെങ്ങുംപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന പിന്നണി ഗായകൻ അർജ്ജുൻ കൃഷ്ണയുടെ നേതൃത്വത്തിൽ സംഗീതാർച്ചനയും അരങ്ങേറി.