ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 1,018.63 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ബാങ്ക് കുറിച്ചത് 940 കോടി രൂപയുടെ നഷ്‌ടമായിരുന്നു. കഴിഞ്ഞപാദത്തിൽ ബാങ്ക് 350 കോടി രൂപ മുതൽ 905 കോടി രൂപവരെ നഷ്‌ടം കുറിച്ചേക്കുമെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തൽ.

കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുക (പ്രൊവിഷനിംഗ്) 64.8 ശതമാനം കുറഞ്ഞതാണ് ബാങ്കിന് ഇക്കുറി നേട്ടമായത്. 2,023.31 കോടി രൂപയായിരുന്നു ജൂൺപാദത്തിൽ പ്രൊവിഷനിംഗ്. 2018 ജൂൺപാദത്തിൽ ഇത് 5,758.16 കോടി രൂപയും ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ 10,071.11 കോടി രൂപയുമായിരുന്നു. ത്രൈമാസടിസ്ഥാനത്തിൽ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി പക്ഷേ, 15.50 ശതമാനത്തിൽ നിന്ന് 16.49 ശതമാനമായി ഉയർന്നു. അറ്റ നിഷ്‌ക്രിയ ആസ്‌തി 6.56 ശതമാനത്തിൽ നിന്ന് 7.17 ശതമാനമായും വർദ്ധിച്ചു.

മാരുതിയുടെ ലാഭം

27% കുറഞ്ഞു

വിപണിയിലെ മാന്ദ്യം മാരുതി സുസുക്കിയുടെ ലാഭം ജൂൺപാദത്തിൽ 27.3 ശതമാനം കുറയാനിടയാക്കി. 1,975.3 കോടി രൂപയിൽ നിന്ന് 1,435.5 കോടി രൂപയായാണ് ലാഭം കുറഞ്ഞത്. എങ്കിലും, നിരീക്ഷകരുടെ വിലയിരുത്തലിനേക്കാൾ മികച്ച പ്രകടനം നടത്താൻ കമ്പനിക്ക് കഴിഞ്ഞു. വരുമാനം 12.2 ശതമാനം താഴ്‌ന്ന് 19,719.8 കോടി രൂപയായി. 4.02 ലക്ഷം യൂണിറ്റ് വില്‌പനയാണ് മാരുതി കഴിഞ്ഞപാദത്തിൽ നടത്തിയത്. നഷ്‌ടം 17.9 ശതമാനം.