amir

മുഹമ്മദ് ആമിർ ടെസ്റ്രിൽ നിന്ന് വിരമിച്ചു

കറാച്ചി: പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ ടെസ്റ്ര് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നിശ്ചിത ഓവർ ക്രിക്കറ്രിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 27കാരനായ ആമിർ ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. ഉയർച്ച താഴ്ചകൾ നിറഞ്ഞ ഏറെ വിവാദമായ പത്ത് വർഷം നീണ്ട ടെസ്റ്ര് കരിയറിൽ വെറും 36 മത്സരങ്ങളിൽ മാത്രമേ ആമിർ കളിച്ചിട്ടുള്ളൂ. 119 വിക്കറ്രുകളും ആമിർ സ്വന്തമാക്കി. അടുത്ത വർഷം നടക്കുന്ന ട്വന്റി -20 ലോകകപ്പ് മുന്നിൽക്കണ്ടാണ് ആമിർ ആരാധകരെ ഞെട്ടിച്ച് ടെസ്റ്റ് മതിയാക്കാൻ തീരുമാനിച്ചത്. 2009ൽ ശ്രീലങ്കയ്ക്കെതിരെ 17-ാം വയസിലാണ് ടെസ്റ്റിൽ ആമിറിന്റെ അരേങ്ങേറ്രം. 2011ൽ ഇംഗ്ലണ്ടിൽ വച്ച് ഒത്തുകളി വിവാദത്തിൽ കുടുങ്ങിയ ആമിറിന് 5 വർഷത്തോളം വിലക്ക് ലഭിച്ചരുന്നു. ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. വിലക്ക് മാറി 2016ലാണ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്രിലേക്ക് തിരിച്ചെത്തിയത്. 36 ടെസ്റ്റ് മത്സരങ്ങളിൽ 22ഉം കളിച്ചതും 68 വിക്കറ്റുകൾ സ്വന്തമാക്കിയതും രണ്ടാം വരവിലാണ്. കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനമാണ് ആമിർ കാഴ്ചവച്ചത്.

ക്രിക്കറ്റിന്റെ പരമ്പരാഗത രൂപമായ ടെസ്റ്റിൽ പാകിസ്ഥാനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അഭിമാനവും ബഹുമതിയുമാണ്. എന്നാലും ടെസ്റ്റിൽ നിന്ന് നിശ്ചിത ഓവർ ക്രിക്കറ്രിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമായെന്ന് തോന്നുന്നു. ഇത് പെട്ടെന്നെടുത്ത തീരുമാനമല്ല. കുറച്ച് നാളായി ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്ന സാഹചര്യത്തിൽ അവസരം കാത്ത് ധാരാളം യുവതാരങ്ങൾ പുറത്തുണ്ട്. അവർക്കായി വഴിമാറിക്കൊടുക്കുകയാണ്. പാകിസ്ഥാനായി തുടർന്നും കളിക്കുകയെന്നതാണ് എന്റെ ഏറ്രവും വലിയ ലക്ഷ്യം. അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം.

ആമിർ

ടെസ്റ്ര് 36

വിക്കറ്ര് 119

ആവറേജ് 30.47

ബെസ്റ്ര് 6/44