rakhi-murder

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെകൊന്നുകുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കേസിൽ മൂന്നാംപ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത് നിർണായക വിവരങ്ങൾ. പ്രണയത്തിൽ നിന്ന് പിൻമാറാത്തതുകൊണ്ടാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന ഈഹങ്ങൾ തെറ്റിക്കുന്നതാണ് റിപ്പോർട്ട്. രാഖിയും മുഖ്യപ്രതി അഖിലേഷും വിവാഹിതരായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാഖി ജോലിചെയ്യുന്ന എറണാകുളത്ത് വച്ചാണ് ഇവർ വിവാഹിതരായത്.

ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹചടങ്ങ് നടന്നത്. പിന്നീട് നാലുമാസത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഇതിനിടയിലാണ് അഖിലിന് വീട്ടുകാർ വിവാഹം ആലോചിച്ച് തുടങ്ങിയതും തിരുവനന്തപുരം സ്വദേശിയായ ഒരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതും. . ഇത് രാഖി എതിർത്തതോടെയാണ് കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്നത്.

കൊച്ചിയിൽ നിന്ന് വീട്ടിലെത്തിയ രാഖിയെ അഖിൽ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. വീടുകാണിക്കാൻ രാഖിയെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റി. ഇതിന് ശേഷമായിരുന്നു കൊലപാതകം. അഖിലിന്റെ സഹോദരൻ രാഹുൽ ആദ്യം രാഖിയെ കഴുത്ത് ഞെരിച്ചു ബോധം കെടുത്തി.

പിന്നീട് അഖിൽ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

എന്നാൽ കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നെന്നും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് അഖിൽ ഫോണിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വിവാഹം കഴിച്ചിരുന്ന കാര്യം അഖിൽ വ്യക്തമാക്കിയിരുന്നില്ല.അതേസമയം രണ്ടാം പ്രതി രാഹുൽ കീഴടങ്ങിയെന്ന രാഹുലിന്റെ അച്ഛന്റെ വാദവും പൊലീസ് നിഷേധിച്ചു.