sreelanka
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെയും കുടുംബത്തെയും ക്ഷേത്രം ട്രസ്റ്റി പി. വി.അഭിലാഷിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കൊല്ലൂർ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും കുടുംബവും കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബത്തിന്റെ മോക്ഷത്തിനായി നവചണ്ഡികാ യാഗവും ശ്രീലങ്കൻ ജനതയുടെ മോക്ഷത്തിനായി സർവൈശ്വര്യ പൂജയും നടത്തി.

ഇന്നലെ രാവിലെ പത്തരയോടെ വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ 11 മണിയോടെ ക്ഷേത്രം ട്രസ്റ്റി പി.വി അഭിലാഷിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനുള്ളിലേക്ക് ആനയിച്ചു. തുടർന്ന് കുടുംബസമേതം ദേവീദർശനം നടത്തി. നവചണ്ഡികാ യാഗത്തിനായി ഒരു മണിക്കൂറോളം അദ്ദേഹം നമസ്‌കാര മണ്ഡപത്തിൽ ഇരുന്നു. പിന്നീട് കുടുംബപൂജയും സർവൈശ്വര്യ പൂജയും നടത്തിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മടങ്ങിയത്. ട്രസ്റ്റി അഭിലാഷ്, കൊല്ലൂർ ക്ഷേത്രത്തിന്റെ ഉപഹാരം റെനിൽ വിക്രമസിംഗയ്ക്ക് സമ്മാനിച്ചു. ക്ഷേത്രം ആചാരക്കാരായ നരസിംഹ അഡിഗ, ഗോവിന്ദ് അഡിഗ, ശ്രീധര അഡിഗ എന്നിവരും മൂകാംബിക ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ എച്ച്. നാലപ്പ, ഉഡുപ്പി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് ചീഫ് എന്നിവരും സന്നിഹിതരായിരുന്നു.


.