england-win

ലോർഡ്സ്: ഐതിഹാസിക ജയം സ്വപ്നം കണ്ട അയർലൻഡിനെ ഇംഗ്ലണ്ട് എറിഞ്ഞ് വീഴ്ത്തി. അയർലൻഡിനെതിരായ ഏക ചതുർദിന ടെസ്റ്റിൽ 38 റൺസിന്റെ ജയം നേടി ഇംഗ്ലണ്ട് മുഖം രക്ഷിച്ചു. ഇംഗ്ലണ്ടുയർത്തിയ 182 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ അയർലൻഡ് മൂന്നാം ദിനമായ ഇന്നലെ വെറും 38 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ലോഡ്സിൽ ടെസ്റ്റിലെ ഏറ്രവും ചെറിയ സ്കോറാണിത്. ഏകദിന ലോകചാമ്പ്യൻമാരെന്ന ഖ്യാതിയുമായി ആഷസിന് മുന്നോടിയായി അയർലൻഡിനെ നേരിടാനിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച അയർലൻഡ് ഇന്നലെ ക്രിസ് വോക്‌സിന്റെയും സ്റ്രുവർട്ട് ബ്രോഡിന്റെയും ബൗളിംഗ് ആക്രമണത്തിന് മുന്നിൽ കടപുഴകുകയായിരുന്നു. വോക്സ് ആറും ബ്രോഡ് നാല് വിക്കറ്റുകളും വീഴ്ത്തി രണ്ടാം ഇന്നിംഗ്സിൽ അയർലൻഡിന്റെ അന്തകൻമാരായി. വെറും 15.4 ഓവറിൽ അയർലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.

സ്കോർ: ഇംഗ്ലണ്ട് 85/10,303 /10, അയർലൻഡ് 207 /10,38 /10.

മഴമൂലം മൂന്നാം ദിനം വൈകിത്തുടങ്ങിയ മത്സരത്തിൽ 303/9 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ അതേ സ്കോറിൽ തന്നെ ആൾഔട്ടാക്കി അയർലൻഡ് പ്രതീക്ഷ നൽകിയതാണ്. ഇന്നലത്തെ ആദ്യ പന്തിൽ തന്നെ ഒല്ലി സ്‌റ്രോണിനെ ക്ലീൻബൗൾഡാക്കി സ്റ്രുവർട്ട് തോംപ്സണാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടത്.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ അയർലൻഡിനെ കാലാവസ്ഥയും സാഹചര്യങ്ങളും കൃത്യമായി ഉപയോഗിച്ച് വോക്സും ബ്രോഡും വീഴ്ത്തുകയായിരുന്നു. ടീം സ്കോർ 11ൽ വച്ച് ക്യാപ്ടൻ പോർട്ടർഫീൽഡിനെ ബെയർസ്റ്റോയുടെ കൈയിൽ എത്തിച്ചാണ് വോക്സ് വിക്കറ്ര് വേട്ടയ്ക്ക് തുടക്കമിട്ടത്.11 റൺസെടുത്ത ജയിംസ് മക്കുല്ലത്തിനൊഴികെ ആർക്കും അയർലൻഡ് നിരയിൽ രണ്ടക്കം കടക്കാനായില്ല.