ന്യൂഡൽഹി: നടക്കാത്ത ലക്ഷ്യങ്ങൾക്ക് വേണ്ടി പാക്കിസ്ഥാൻ തുനിയരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അത്തരം ശ്രമങ്ങൾ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു. ഏതൊരു സാഹചര്യത്തിലും ഇന്ത്യൻ സേന പതറില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും കരസേനാ മേധാവി ഓർമ്മിപ്പിച്ചു. കാർഗിൽ യുദ്ധത്തിന്റെ ഇരുപതാണ്ട് തികഞ്ഞ ഇന്നലെ ദ്രാസിലെ യുദ്ധ സ്മാരകത്തിൽ വീരസൈനികർക്ക് ആദരം അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.