karnataka

ബെംഗളൂരു: കർണാടകയിൽ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 29ന് വിശ്വാസ വോട്ട് തേടും. . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സഭയിൽ വിശ്വാസ വോട്ട് തേടുമെന്നും തുടർന്ന് സംസ്ഥാന ബഡ്ജറ്റ് പാസാക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

അധികാരമേറ്റെടുത്തതിന് പിന്നാലെ, പ്രധാൻമന്ത്രി കിസാൻ യോജൻ പദ്ധതിയിൽ കർഷകർക്ക് നൽകുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ നൽകുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു. എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞങ്ങൾ കാണിച്ചുതരാമെന്നും യെദ്യൂരപ്പ പറഞ്ഞു.

കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണനിര്‍വഹണം തകർന്ന അവസ്ഥയിലായിരുന്നു.

പ്രതികാരത്തിന്റെ രാഷ്ട്രീയം തങ്ങൾ അനുവർത്തിക്കില്ലെന്നും പ്രതിപക്ഷം വിമർശിച്ചാലും അവരെ സുഹൃത്തുക്കളായി കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നതാണ് തന്റെ ആദർശമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം തന്ന ജനങ്ങളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായി ഉടൻ ബന്ധപ്പെടുമെന്നും ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് പോകുമെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.