മലിംഗയുടെ വിടവാങ്ങൽ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ജയം
കുശാൽ പെരേരയ്ക്ക് സെഞ്ച്വറി
മലിംഗയ്ക്ക് മൂന്ന് വിക്കറ്ര്
കൊളംബോ: ഇതിഹാസ താരം ലസിത് മലിംഗയുടെ വിടവാങ്ങൽ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം.
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ 91റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ശ്രീലങ്ക മലിംഗയ്ക്ക് ഉചിതമായ യാത്ര അയപ്പ് നൽകിയത്.
ആദ്യം ബാറ്ര് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറിൽ 223 റൺസിന് ആൾഔട്ടാവുകയായിരുന്നു. വിടവാങ്ങൽ ഏകദിനത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത മലിംഗ 9.4 ഓവറിൽ 2മെയ്ഡൻ ഉൾപ്പെടെ 38 റൺസ് നൽകി മൂന്ന് വിക്കറ്ര് സ്വന്തമാക്കി ലങ്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നുവൻ പ്രദീപും 3 വിക്കറ്റ് വീഴ്ത്തി. 67 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
നേരത്തേ സെഞ്ച്വറിയുമായി തിളങ്ങിയ കുശാൽ പെരേരയാണ് (111) ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 99 പന്തിൽ 17 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് കുശാലിന്റെ ഇന്നിംഗ്സ്. ആഞ്ചലോ മാത്യൂസ് (48), കുശാൽ മെൻഡിസ് (42) ക്യാപ്ടൻ ധിമുക്ത് കരുണാരത്നെ (36) എന്നിവർ ശ്രീലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മലിംഗ ആറ് പന്തിൽ ആറ് റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശ് ഷഫിയുൾ ഇസ്ലാം മൂന്ന് വിക്കറ്ര് വീഴ്ത്തി. ടെസ്റ്രിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിച്ച മലിംഗ ട്വന്റി-20യിൽ തുടർന്നേക്കും.