kapil-dev

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ ലോകകപ്പ് നേടിത്തന്ന നായകൻ കപിൽ ദേവ് അദ്ധ്യക്ഷനായ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തീരുമാനിക്കും. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുൻ വനിതാ ടീം ക്യാപ്ടൻ ഷാൻത രംഗസ്വാമി മുൻ ഇന്ത്യൻ കോച്ച് അൻഷുമാൻ ഗെയ്ക്‌വാദ് എന്നിവരാണ് കപിലിനൊപ്പം കമ്മിറ്റിയിലുള്ള മറ്ര് അംഗങ്ങൾ. കപിൽ അദ്ധ്യക്ഷനായ കമ്മിറ്രിയായിരിക്കും പുതിയ കോച്ചിനെ തിരഞ്ഞെടുക്കുകയെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു. ആഗസ്റ്റ് മദ്ധ്യത്തോടുകൂടി പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടക്കുമെന്നാണ് വിവരം.

അതേ സമയം പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതിൽ നായകൻ വിരാട് കൊഹ്‌ലിക്ക് ഒരു റോളുമുണ്ടാകില്ലെന്ന് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി തലവൻ വിനോദ് റായ് വ്യക്തമാക്കി. നേരത്തേ അനിൽ കുംബ്ലെയ്ക്ക് പകരം രവി ശാസ്ത്രിയെ പ്രധാന പരിശീലകനാക്കാൻ കൊഹ്‌ലിയുടെ ഇടപെടൽ ഉണ്ടായിരുന്നു.