meteorite

പാട്ന: വൻ മുഴക്കത്തോടെയായാണ് അത് ഭൂമിയിലേക്ക് പറന്നടുത്തത്. കർഷകർ നോക്കിനിൽക്കെ നെൽപ്പാടത്ത് വീണു. പാടത്ത് ജോലി ചെയ്തിരുന്നവർ ജീവനും കോണ്ടോടി. പുക ഒടുങ്ങി കർഷകർ തിരിച്ചുവന്ന് നോക്കിയപ്പോൾ സംഭവ സ്ഥലത്ത് ഒരു കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പിന്നീടാണ് അത് ഉൽക്കശില വീണതാണെന്ന് മനസിലായത്. ബുധനാഴ്ചയാണ് ബിഹാറിലെ മഹാദേവ ഗ്രാമത്തിലുള്ളവർക്ക് ഈ അനുഭവമുണ്ടായത്.

ഏകദേശം പതിനഞ്ച് കിലോഗ്രാം തൂക്കമുള്ള ഫുട്ബോളിന്റെ വലുപ്പമുള്ള ഒരു ഉൽക്കശിലയാണ് ബിഹാറിൽ വീണത്. അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് ഉൽക്കാശില ഭൂമിയിൽ പതിക്കുക. കണ്ടെടുത്ത ശിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചു. ഉൽക്കശില വീണുകിടക്കുന്ന സ്ഥലത്ത് ഗ്രാമീണർ കൂടി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. ഉൽക്കാശില വീഴുന്ന ശക്തിയിൽ വയലിൽ ഏകദേശം നാലടി ആഴത്തിൽ കുഴി രൂപപ്പെട്ടു.

meteorite

ബിഹാറിലെ മ്യൂസിയത്താണ് ഉൽക്കാശില സൂക്ഷിച്ച് വച്ചിട്ടുള്ളത്. അത് പരീക്ഷണങ്ങൾക്കായി ശ്രീകൃഷ്ണ സയൻസ് സെന്ററിലേക്ക് മാറ്റുമെന്നും നിതീഷ് കുമാർ പറഞ്ഞു. പൊട്ടിത്തകർന്ന നിലയിലാണ് ഉൽക്കശില ലഭിച്ചത്. അതിൽ ഏറ്റവും വലിയ ഭാഗമാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് കാന്തിക സ്വാഭവമുള്ളതിനാലാണ് ഉൽക്കശിലയാണെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. ഇരുമ്പ് അടുത്തു വയ്ക്കുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ട്. കൂടുതൽ പരീക്ഷണങ്ങളിലൂടെ ഉൽക്കാശിലയാണെന്ന് ഉറപ്പു വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.