ആറ്റിക്കുറുക്കിയ കവിതകളാണ് ആറ്റൂർ രവിവർമയുടേത് എന്നാണ് സാഹിത്യലോകത്ത് അറിയപ്പെടുന്നത്. എഴുപതു വർഷം നീണ്ട കാവ്യജീവിതത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ താഴെ നൂറിൽ കവിതകളേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഏറ്റവും കുറഞ്ഞ വാക്കുകളിൽ വലിയ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നവനാണ് കവിയെന്ന വാക്യം ആറ്റൂർ അന്വർത്ഥമാക്കുന്നു.
തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27-ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനിച്ച ആറ്റൂർ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം വായനയിലേയ്ക്ക് ആകർഷിക്കപ്പെട്ടു. നോവലുകളായിരുന്നു തുടക്കത്തിൽ അധികവും വായിച്ചിരുന്നത്. പിന്നെ അക്ഷരശ്ലോകം ചൊല്ലും. അക്കാലത്ത് സംസ്‌കൃതമൊന്നും വായിക്കാനറിയാത്തതിനാൽ മലയാളത്തിലെ ലളിതമായ ഗദ്യങ്ങളാണ് അധികവും വായിച്ചിരുന്നത്.
ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ചെന്നൈയിലാണ്. പിന്നീട് പട്ടാമ്പിയിലും ദീർഘകാലം തലശ്ശേരിയിലും മലയാളം അദ്ധ്യാപകനായി ജോലിചെയ്തു. ഇതിൽ ബ്രണ്ണൻ കോളേജിലെ അദ്ധ്യാപനകാലം ആറ്റൂരിന്റെ കാവ്യജീവിതത്തിലെ പ്രധാന കാലഘട്ടമായിരുന്നു. ബ്രണ്ണൻ കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനുമെല്ലാം.
ബ്രണ്ണൻ കോളേജിലെ കാലഘട്ടത്തെക്കുറിച്ച് ആറ്റൂർ രവിവർമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ. ബ്രണ്ണനിലെ കാലഘട്ടം വളരെ രസകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനുമെല്ലാം അവിടെ എന്റെ വിദ്യാർത്ഥികളായിരുന്നു. വിജയൻ പൊതുവേ സൈലന്റ് ആയിരുന്നു. പഠനത്തെ വളരെ ഗൗരവമായി എടുക്കുന്ന, അധികം സംസാരിക്കാത്ത വിദ്യാർത്ഥി യായിരുന്നു. ബാലനാവട്ടെ കോളേജിൽ പഠനേതരരംഗത്ത് സജീവമായിരുന്നു. എം.എൻ. വിജയനും അന്നവിടെ അദ്ധ്യാപകനായിരുന്നു. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞിരുന്നു. കുറച്ചുമാത്രം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു അന്ന് എം.എൻ. വിജയനെന്ന് ആറ്റൂർ ഓത്തെടുക്കുന്നു.
ചെറുതുരുത്തിയിലെ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ആറ്റൂർ കവിതയെഴുതിയത്. കോഴിക്കോട് പഠിക്കുന്ന കാലത്താണ് ആദ്യമായി കവിത അച്ചടിച്ചു വരുന്നത്. പിന്നീട് കോഴിക്കോട്ടുനിന്നുതന്നെയുള്ള പുരോഗമന സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതിത്തുടങ്ങി. 'കവിത' എന്ന അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം പുറത്തു വരുന്നത് 1977-ലാണ്.
1957 മുതൽ 1994 വരെയുള്ള കവിതകൾ സമാഹരിച്ചുകൊണ്ട് 'ആറ്റൂർ രവിവർമയുടെ കവിതകൾ' എന്ന പുസ്തകം 1995ൽ പുറത്തിറങ്ങി. 1995 മുതലുള്ള കവിതകളാണ് 2003ൽ പുറത്തുവന്ന 'ആറ്റൂർ രവിവർമയുടെ കവിതകളി'ൽ സമാഹരിക്കപ്പെട്ടത്. 'ആറ്റൂർക്കവിതകൾ' എന്ന സമ്പൂർണ സമാഹാരം 2012ലും പ്രകാശിതമായി.
വൈലോപ്പിള്ളിയെ അടുത്തറിയാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കവിതകൾ അദ്ദേഹത്തെ അത്രയ്ക്ക് സ്വാധീനിച്ചിരുന്നില്ല. പി.യുടെ കവിതകളോടായിരുന്നു കൂടുതൽ അടുപ്പംതോന്നിയത്. 'മേഘരൂപൻ' എന്ന കവിത എഴുതിയതുതന്നെ പി.യെ ഓർത്താണെന്ന് ആറ്റൂർ പറയുന്നു. എഴുത്തിന്റെ കാര്യത്തിൽ ആർ. രാമചന്ദ്രനും എം. ഗോവിന്ദനും ആറ്റൂരിനെ സ്വാധിനീച്ചിരുന്നു.
കവിതകൾക്ക് പുറമേ തമിഴിൽ നിന്നടക്കം നിരവധി കൃതികൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടെയും രാജാത്തി സൽമയുടെയും ജി. നാഗരാജിന്റെയുമൊക്കെ പുസ്തകങ്ങൾ അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തി.
1996ൽ ആറ്റൂർ രവിവർമയുടെ കവിതകൾ എന്ന പുസ്തകത്തിന് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1997ൽ ഒരു പുള്ളിമരത്തിന്റെ കഥ അദ്ദേഹത്തിന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്തു. 2001ൽ അദ്ദേഹത്തിന് കവിതക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും തുടർന്ന് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എഴുത്തച്ഛൻ പുരസ്‌കാരം, പ്രേംജി പുരസ്‌കാരം, ഉള്ളൂർ അവാർഡ്, പി.കുഞ്ഞിരാമൻ നായർ പുരസ്‌കാരം, ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി.