തിരുവനന്തപുരം: തലസ്ഥാന വികസനത്തെ നേരിട്ട് സ്വാധീനിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം കൈവിട്ടുപോവുമോ എന്ന ആശങ്കയിലാണ് നഗരവാസികൾ. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ലേലനടപടികളുടെ കാലാവധി ജൂലായ് 31ന് അവസാനിക്കുകയാണ്. അദാനി നേടിയ ലേലത്തിന്റെ കാലാവധിയും അന്ന് കഴിയും. പക്ഷേ, മൂന്നു മാസത്തേക്ക് ലേല നടപടികളുടെ കാലാവധി നീട്ടാനാണ് എയർപോർട്ട് അതോറിട്ടിയുടെ നീക്കം. റീ-ടെൻഡർ വിളിക്കില്ലെന്നും തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ ഹൈക്കോടതിയിലുള്ള കേസുകൾ തീർത്ത് ഒരു മാസത്തിനകം പാട്ടക്കരാർ ഉറപ്പിക്കുമെന്നും അതോറിട്ടി വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ കേസിൽ, അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ഇടക്കാല ഉത്തരവുണ്ട്.
കേവലം സ്വകാര്യവത്കരണം എന്നതിനപ്പുറം തലസ്ഥാനത്തിന്റെ വികസനത്തിന്റെ അനിവാര്യഘടകമായി വിമാനത്താവളം മാറിയിട്ടുണ്ട്. ഇവിടെയെത്തുന്ന സംരംഭകരും ടൂറിസം മേഖലയിലുള്ളവരുമെല്ലാം കൂടുതൽ സർവീസുകൾ വേണമെന്നാണ് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്തു നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് സർവീസ് വേണമെന്നാണ് നിസാൻ കമ്പനിയുടെ ആവശ്യം. തിരുവനന്തപുരത്ത് ഡിജിറ്റൽഹബ് തുടങ്ങുന്നതിനുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ടോക്കിയോ സർവീസ് നിസാൻ ആവശ്യപ്പെടുന്നത്. സിംഗപ്പൂർ വഴിയോ ബാങ്കോക്ക് വഴിയോ ടോക്കിയോ സർവീസ് വേണമെന്നാണ് ആവശ്യം.
സിംഗപ്പൂരിലേക്കുള്ള സിൽക്ക് എയർലൈൻസ് നേരത്തേ തിരുവനന്തപുരത്തു നിന്നുള്ള സർവീസ് അവസാനിപ്പിച്ചിരുന്നു. പകരം തുടങ്ങിയ ബഡ്ജറ്റ് എയർലൈനായ സ്കൂട്ട് എയർലൈനിൽ ബിസിനസ് ക്ലാസില്ലാത്തതിനാൽ കോർപറേറ്റ് കമ്പനികൾക്ക് താത്പര്യമില്ല. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാർ നേരത്തേ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ആസ്ട്രേലിയൻ കണക്ഷൻ ലഭിക്കുന്ന വിധത്തിൽ തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേക്ക് സർവീസിനാണ് ജെറ്റ്സ്റ്റാർ ശ്രമിച്ചത്. ലോകറാങ്കിംഗിൽ ആദ്യ പത്തിനുള്ളിലാണ് മെൽബൺ ആസ്ഥാനമായ ജെറ്റ്സ്റ്റാറിന്റെ സ്ഥാനം. നേരത്തേ ഫ്ലൈദുബായ് സർവീസുകൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. നിസാന്റെ ആവശ്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.
സ്വകാര്യവത്കരണമാണോ നിലവിലുള്ള സ്ഥിതി തുടരുമോ എന്ന് ആശങ്കയുള്ളതിനാൽ അധികൃതർ കൂടുതൽ വിമാനക്കമ്പനികൾക്കായി ശ്രമം നടത്തുന്നില്ല. മുംബയ് ആസ്ഥാനമായ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഗോ എയർ, ടാറ്റാ സൺസ് ലിമിറ്റഡിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻ കമ്പനികൾ തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങാൻ സന്നദ്ധതയറിയിച്ചിരുന്നെങ്കിലും തുടർനടപടികളായിട്ടില്ല. ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസിന് രണ്ട് കമ്പനികളും സാദ്ധ്യതാപഠനം പൂർത്തിയാക്കിയതാണ്. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും യാതൊരു മുൻപരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറരുതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
ഫ്ലൈദുബായ് സർവീസ് നിറുത്തിയതിന് പിന്നാലെ, ദുബായിലേക്ക് ആഴ്ചയിൽ നാലുദിവസം രാവിലെയുള്ള എമിറേറ്റ്സ് സർവീസും ഉപേക്ഷിക്കുന്നതായി അഭ്യൂഹം പടർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
കേന്ദ്രം പിന്നോട്ടില്ല
വിമാനത്താവള സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുക്കും. സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചിട്ടുണ്ട്. വിമാനത്താവളം ആർക്കും വിൽക്കില്ലെന്നും കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ തുടരുമെന്നുമാണ് എയർപോർട്ട് അതോറിട്ടിയുടെ വിശദീകരണം. നടത്തിപ്പിന്റെ അവകാശവും ഉത്തരവാദിത്വവും 50 വർഷത്തേക്ക് കൈമാറുകയാണ്. വികസനത്തിന് അദാനി പണം മുടക്കണം. സർവീസുകളും യാത്രക്കാരെയും കൂട്ടിയാലേ വരുമാനം കൂടൂ. അതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകളുണ്ടാവും.
വിമാനത്താവളം കൈക്കലാക്കാൻ മുതലാളിമാർ
അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും പ്രവാസി വ്യവസായികളുമായി ചേർന്ന് കെ.എസ്.ഐ.ഡി.സി കൺസോർഷ്യമുണ്ടാക്കി വിമാനത്താവളം ഏറ്റെടുക്കാനുള്ള പുതിയ ഫോർമുല ഉരുത്തിരിയുകയാണിപ്പോൾ. ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ കമ്പനി രൂപീകരിച്ചെങ്കിലും സർക്കാരിന് തുച്ഛമായ ഓഹരിയേയുള്ളൂ. 100 രൂപ മുഖവിലയുള്ള 4498 ഓഹരികളാണ് സർക്കാരിന് കമ്പനിയിലുള്ളത്. കെ.എസ്.ഐ.ഡി.സിക്ക് 500 ഓഹരികളുണ്ട്. സംസ്ഥാന സർക്കാരിന് 51 ശതമാനം ഓഹരിയില്ലെങ്കിൽ വിമാനത്താവളത്തിൽ സർക്കാരിന് നിയന്ത്രണമുണ്ടാവില്ല.
ടിയാലിൽ 49 ശതമാനം ഓഹരിമാത്രം സ്വകാര്യ വ്യക്തികൾക്ക് നൽകി വിമാനത്താവളം സർക്കാർ കൈപ്പിടിയിലാക്കണമെന്നാണ് എയർപോർട്ട് അതോറിട്ടി ജീവനക്കാരുടെ ആവശ്യം. അദാനിക്ക് പകരം മറ്റ് മുതലാളിമാർക്ക് വിമാനത്താവളം കൈമാറുന്നത് ഗുണകരമാവില്ല. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളും കെ.എസ്.ഐ.ഡി.സി, കിഫ്ബി, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവയെ ടിയാലിൽ പങ്കാളിയാക്കണം. 4,49,800 രൂപയുടെ ഓഹരികൾ മാത്രമാണെങ്കിൽ ടിയാലിൽ സർക്കാരിന് ഒരു റോളുമുണ്ടാവില്ല. നിയമപ്രശ്നങ്ങളൊഴിവാക്കാൻ അദാനിയെക്കൂടി ഉൾപ്പെടുത്തി കൺസോർഷ്യമുണ്ടാക്കാനുള്ള ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ പറയുന്നു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി വിമാനത്താവളത്തെ മാറ്റണമെന്നാണ് അവരുടെ ആവശ്യം. വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ കെ.എസ്.ഐ.ഡി.സി രണ്ടാമതായെങ്കിലും സംസ്ഥാനസർക്കാരിന്റെ നിരന്തരസമ്മർദ്ദത്തെ തുടർന്ന് കേന്ദ്രം അദാനിയുമായി പാട്ടക്കരാർ ഒപ്പിട്ടിട്ടില്ല.
സിയാൽ മോഡൽ
പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മോഡലിലുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ (സിയാൽ) സംസ്ഥാന സർക്കാരിന് 32.42 ശതമാനം ഓഹരിയാണുള്ളത്. പ്രവാസി വ്യവസായി എം.എ. യൂസഫലിക്ക് 9.73%, എൻ.വി. ജോർജ്ജിന്റെ ജിയോഗ്രൂപ്പിന് 6.53%, കൊച്ചി ആസ്ഥാനമായ സിന്തറ്റിക് ഇൻഡസ്ട്രീസിന് 9.454%, ഭാരത് പെട്രോളിയത്തിന് 3.43%, ഹഡ്കോയ്ക്ക് 3.285%, എയർഇന്ത്യയ്ക്ക് 3.267%, എസ്.ബി.ഐക്ക് 3.267% എന്നിങ്ങനെയാണ് ഓഹരിപങ്കാളിത്തം. 18000 നിക്ഷേപകരുണ്ട്. 2018-19ൽ 166.29 കോടിയാണ് ലാഭം. മൊത്തവരുമാനം 650.34 കോടിയാണ്. ഓഹരിയുടമകൾക്ക് 27% ലാഭവിഹിതം നൽകി.
വിമാനത്താവളം തീറെഴുതുന്നതിനെതിരെ ജനങ്ങൾ ഇളകണം. എയർപോർട്ട് അദാനിക്ക് നൽകിയാൽ കേരളത്തിന്റെ ഒരു സഹകരണവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് മാറ്റരുത്. നല്ല ശർക്കരക്കുടം നോക്കി വെള്ളമിറക്കി നിൽക്കുകയാണ് അദാനി .- വി.എസ്. അച്യുതാനന്ദൻ