തിരുവനന്തപുരം: തുടർച്ചയായ സമരങ്ങൾ കാരണം തലസ്ഥാന നഗര മദ്ധ്യത്തിലെത്തുന്ന ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇന്നലെയും കുറവുണ്ടായില്ല. ഭരണ - പ്രതിപക്ഷ കക്ഷികളോ അവരുടെ അനുകൂല സംഘടനകളോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് പരിസരം കൈയടക്കിയിരുന്നതെങ്കിൽ ഇന്നലത്തെ ഊഴം എൻ.ഡി.എയുടേതായിരുന്നു. എല്ലാ ഘടകകക്ഷികളെയും ഉൾക്കൊള്ളിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ എൻ.ഡി.എ നടത്തുന്ന ആദ്യത്തെ സമരപരിപാടിയാണ് ഇന്നലെ അറങ്ങേറിയത്.
കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും ജലപീരങ്കിയും കൂട്ടയോട്ടവും പൊലീസ് ബാരിക്കേഡ് കുലുക്കി ഉറപ്പിക്കലും പോലുള്ള പതിവ് കലാപരിപാടികൾ ഒഴിഞ്ഞുനിന്നെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് കുറവുണ്ടായില്ല. രാവിലെ 11ഓടെ തടസപ്പെട്ട സ്റ്റാച്യു വഴിയുള്ള വാഹനഗതാഗതം ഉച്ചയ്ക്ക് ഒന്നോടെയാണ് പുനഃസ്ഥാപിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ തങ്ങളുടെ കന്നിസമരത്തിൽ ഓരോ ഘടകകക്ഷിയും പ്രത്യേകം സ്ഥലങ്ങളിൽ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് റാലിയിലേക്ക് ഒന്നുചേർന്നത്. ഇതോടെ നഗരം മുഴുവൻ ഗതാഗതം സ്തംഭിച്ചു. നന്ദാവനത്തു നിന്ന് പബ്ളിക് ലൈബ്രറി ഭാഗത്തേക്കുള്ള റോഡിലാണ് ബി.ജെ.പി പ്രവർത്തകർ കേന്ദ്രീകരിച്ചത്.
പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ്, കാമരാജ് കോൺഗ്രസ്, ശിവസേന, സോഷ്യലിസ്റ്റ് ജനത, പി.എസ്.പി കക്ഷികൾ മസ്കറ്റ് ഹോട്ടൽ പരിസരത്ത് നേരത്തേ എത്തിച്ചേർന്നു. ജനപക്ഷം, ജെ.ഡി.യു സംഘടനകൾ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം കേന്ദ്രീകരിച്ചു. രാവിലെ 11ഓടെ ഈ റാലികൾ ഒന്നുചേർന്ന് സ്റ്റാച്യു ജംഗ്ഷനിലേക്ക് പുറപ്പെട്ടു. അതിന് മുമ്പ് തന്നെ നഗരത്തിലെ ഗതാഗതം പൊലീസ് വഴിതിരിച്ച് വിട്ടുതുടങ്ങിയിരുന്നു. മറ്റ് ദിവസങ്ങളിലെ പോലെ കെ.എസ്.ആർ.ടി.സി - സ്വകാര്യ സർവീസ് ബസുകൾ മറ്റ് റൂട്ടുകൾ വഴി കിഴക്കേകോട്ടയിലേക്ക് പോയി. ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യവാഹനങ്ങളും പൊലീസ് നിർദ്ദേശിച്ച വഴികളിലൂടെ ചുറ്റിത്തിരിഞ്ഞ് കഷ്ടപ്പെട്ടു.
ചാക്ക - എയർപോർട്ട് ഭാഗങ്ങളിൽ നിന്നുവന്ന ബസുകളടക്കമുള്ള വാഹനങ്ങൾ പാളയത്ത് അണ്ടർപാസുവഴിയാണ് തിരിച്ചുവിട്ടത്. ബേക്കറി ജംഗ്ഷൻ ഭാഗത്ത് ഇതുമൂലം ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെ വഴുതക്കാട് ഭാഗത്തേക്കും തിരക്ക് നീണ്ടു. സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ സുരക്ഷയാണ് യഥാർത്ഥത്തിൽ പൊതുജനത്തെ വലച്ചത്. സമരഗേറ്റിന് പുറമെ സൗത്ത് ഗേറ്റും വൈ.എം.സി.എ ഗേറ്റും നേരത്തേ അടച്ചിട്ടു.
കന്റോൺമെന്റ് ഗേറ്റ് തുറന്നിട്ടിരുന്നെങ്കിലും കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നു. വിവിധ ആവശ്യങ്ങൾക്ക് ദൂരദേശങ്ങളിൽ നിന്നെത്തിയവർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാനുള്ള വഴി നോക്കി വലഞ്ഞു. നേതാക്കന്മാരുടെ വലിയ നിരയായിരുന്നു ഇന്നലത്തെ മാർച്ചിന്റെ മറ്റൊരു പ്രത്യേകത. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, മുൻ അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എം.എൽ.എ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു, പി.സി. ജോർജ് എം.എൽ.എ, പി.സി. തോമസ്, ജെ. പത്മകുമാർ, വി. സുരേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, ഒ. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സന്നിഹിതരായിരുന്നു.