തിരുവനന്തപുരം: കർക്കടക വാവുബലിക്ക് മൂന്നു ദിവസം മാത്രം ശേഷിക്കേ നഗരത്തിലെ പ്രധാന തർപ്പണകേന്ദ്രങ്ങളായ ശംഖുംമുഖത്തും തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തീരം നഷ്ടമായ ശംഖുംമുഖത്ത് ഇക്കുറി കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞ വർഷത്തേതു പോലെ കൽമണ്ഡപത്തിന് സമീപം പ്രത്യേകം ബലിപ്പുരകൾ കെട്ടിത്തിരിക്കും.
ഒരേസമയം 1600 പേർക്ക് ഇവിടെ തർപ്പണം നടത്താം. കടൽക്ഷോഭം കണക്കിലെടുത്ത് സമീപത്ത് താത്കാലിക ഷവറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. രണ്ടു ദിവസത്തെ കടലിന്റെ സ്ഥിതി കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂ. ജില്ലാ കളക്ടർ ഉൾപ്പെടെ ശംഖുംമുഖം സന്ദർശിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കടൽക്ഷോഭം വർദ്ധിച്ചാൽ തർപ്പണ ചടങ്ങുകൾ തീരത്തു നിന്നു മാറ്റി ക്ഷേത്രവളപ്പിനുള്ളിൽ തർപ്പണത്തിന് സൗകര്യമൊരുക്കാനും ദേവസ്വം ബോർഡ് ആലോചിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ ബലിയർപ്പിച്ച് റോഡു മുറിച്ച് കടന്ന് ബലി കടലിലൊഴുക്കാനും ഷവറുകളിൽ കുളിക്കാനും സൗകര്യം ഒരുക്കും.
കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനവും സ്ഥലത്ത് ഉറപ്പാക്കും. തർപ്പണ ചടങ്ങുകൾ തീരത്തു നിന്നു മാറ്റിയാൽ ഒരേ സമയം 800 പേർക്ക് മാത്രമേ ബലിയർപ്പിക്കാൻ കഴിയൂ. അതേസമയം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഒരേസമയം 3000 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കും. 9 പന്തലുകളാണ് സജ്ജമാക്കുന്നത്.
നഗരസഭയുടെ അവലോകനയോഗം ഇന്ന്
തിരുവല്ലത്തെയും ശംഖുംമുഖത്തെയും ഒരുക്കങ്ങൾ വിലയിരുത്താനുള്ള നഗരസഭയുടെ അവലോകന യോഗം ഇന്ന് ചേരും. മുൻവർഷത്തെപ്പോലെ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കും.
കച്ചവടക്കാർ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇതിനായി ഗ്രീൻ ആർമിക്കാരും രംഗത്തിറങ്ങും. ആവശ്യമായ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ലഭ്യമാക്കുന്നതിന് നഗരസഭ ക്രമീകരണം ഏർപ്പെടുത്തും. ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും തിരുവല്ലം പ്രദേശത്തെ തെരുവ് വിളക്കുകൾ തെളിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാനും
കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിരുന്നു. കടവുകളിലെ ചെളി നീക്കം ചെയ്യുന്നതിനും ആറ് ശുചീകരിക്കുന്നതിനും ജലസേചന വകുപ്പിനും പൊട്ടിപ്പൊളിഞ്ഞ പി.ഡബ്ളിയു.ഡി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഇന്നലയോടെ പൂർത്തിയാക്കാനുമാണ് കഴിഞ്ഞ യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇന്നു യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.