തിരുവനന്തപുരം: ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുമുഖം നൽകിയ സംസ്ഥാനത്തെ ആദ്യ എൻജിനിയറിംഗ് കോളേജായ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി) എൺപതിന്റെ നിറവിൽ. കേരളം പിറക്കുന്നതിനും മുമ്പ് പിറന്ന സി.ഇ.ടിക്ക് 1939 ജൂലായ് 3ൽ തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമയാണ് തുടക്കമിട്ടത്. ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന സി.ഇ.ടി ജൂലായ് 3ന് 80 വർഷം പൂർത്തിയാക്കിയെങ്കിലും ആഗസ്റ്റിലാണ് ഔദ്യോഗിക ആഘോഷം. 3ന് കോളേജിലെ ഏറ്റവും പ്രായം കൂടിയ പൂർവ വിദ്യാർത്ഥി എസ്.എസ്. കൈമൾ കേക്ക് മുറിച്ചാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 1953 ലെ എൻജിനിയറിംഗ് ബാച്ചിലെ വിദ്യാർത്ഥിയാണ് കൈമൾ.
തുടക്കം ലളിതമായി, വളർത്തിയത് യുദ്ധം
എൻജിനിയറിംഗ് പഠനം തിരുവിതാംകൂറുകാർക്ക് സ്വപ്നമായിരുന്ന കാലഘട്ടത്തിലാണ് തിരുവിതാംകൂറിൽ ഇതിനായി ഒരു കോളേജ് എന്ന മഹാരാജാവിന്റെ ഈ തീരുമാനം. ഒരുപാട് സംശയങ്ങൾക്ക് ഇട നൽകിയെങ്കിലും മഹാരാജാവിന്റെ തീരുമാനം പ്രകീർത്തിക്കപ്പെട്ടു. അക്കാലത്ത് മദിരാശി, ബനാറസ് സർവകലാശാലകളിൽ മൂന്നോ നാലോ സീറ്റുകൾ മാത്രമായിരുന്നു തിരുവിതാംകൂറുകാർക്ക് എൻജിനിയറിംഗ് പഠനത്തിനായി ലഭിച്ചിരുന്നത്. പ്രൊഫ.(മേജർ)മാത്യു മാൻ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗ് കോഴ്സുകളിൽ 21 വിദ്യാർത്ഥികൾക്ക് വീതമായിരുന്നു അഡ്മിഷൻ. തുടക്കത്തിൽ പി.എം.ജിയിലെ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസിനോട് ചേർന്ന കെട്ടിടത്തിലായിരുന്നു കോളേജ് പ്രവർത്തിച്ചിരുന്നത്. കൊച്ചി രാജ്യത്തിലെ കുട്ടികൾക്കായി ഏതാനും സീറ്റുകളിൽ സംവരണവുമുണ്ടായിരുന്നു.
ഇത്രയധികം എൻജിനിയർമാർക്ക് തൊഴിൽ നൽകാൻ കഴിയുമോ എന്ന സംശയം അക്കാലത്ത് പലർക്കുമുണ്ടായിരുന്നു. ഇക്കാരണത്താൽ നാലോ അഞ്ചോ ബാച്ചുകൾ പുറത്തിറങ്ങുന്നതോടെ കോളേജ് പൂട്ടിപ്പോകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തോടെ എൻജിനിയർമാരുടെ ആവശ്യകത വല്ലാതെ ഉയർന്നതോടെ ഓരോ കോഴ്സിലും 40 ശതമാനത്തോളം സീറ്റുകൾ വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. ആരംഭഘട്ടത്തിൽ ബി.എസ്സി എൻജിനിയറിംഗ് എന്നായിരുന്നു തിരുവിതാംകൂർ യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോഴ്സിന് നൽകിയിരുന്ന പേര്. കാമ്പസ് വിപുലീകരിച്ചപ്പോഴാണ് കൂടുതൽ സൗകര്യങ്ങളോടെ 1961ൽ ശ്രീകാര്യം ചാവടിമുക്കിന് സമീപം മൺവിളയിൽ 125 ഏക്കർ സ്ഥലത്തേക്ക് കാമ്പസ് മാറ്രി സ്ഥാപിക്കപ്പെട്ടത്.
നിലവിൽ 3700ലധികം വിദ്യാർത്ഥികളുള്ള സി.ഇ.ടി രാജ്യത്തെ വലിയതും മികച്ചതുമായ എൻജിനിയറിംഗ് കോളേജുകളിൽ ഒന്നാണ്. 8 വിഷയങ്ങളിൽ ബിരുദത്തിനും 27 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനും അവസരമുള്ള കോളേജിലാണ് ആർക്കിടെക്ചർ മേഖലയിൽ ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നത്.
വിപുലമായ പിറന്നാൾ ആഘോഷം
പഠിച്ചുപോയവരും പഠിക്കുന്നവരും പഠിപ്പിച്ച് പോയവരും പഠിപ്പിക്കുന്നവരും ചേർന്ന് ഒരു വർഷത്തെ പരിപാടികളോടെയാണ് സി.ഇ.ടിയുടെ എൺപതാം പിറന്നാൾ ആഘോഷം ആഗസ്റ്റിൽ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
പൂർവവിദ്യാർത്ഥി സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയായ പ്രിൻസിപ്പൽ ഡോ. സി.വി. ജിജിക്കാണ് ആഘോഷങ്ങളുടെ പൂർണ ചുമതല. പൂർവവിദ്യാർത്ഥികളുടെ സഹകരണത്തോടെ അന്താരാഷ്ട്ര സമ്മേളനങ്ങൾ, 80 പ്രഭാഷണങ്ങളുടെ പരമ്പര, സംരംഭക ഉച്ചകോടി, പ്രദർശനങ്ങൾ എന്നിവ നടത്തും. കാമ്പസിൽ 80 മരങ്ങൾ നട്ടുപിടിപ്പിക്കും. ഐ.എസ്.ആർ.ഒയും ഡി.ആർ.ഡി.ഒയുമായി ചേർന്ന് ദേശീയ സ്മാൾ സാറ്റലൈറ്റ് സമ്മേളനം ഈ വർഷം നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.