തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിന് നിശാഗന്ധി ഒരുങ്ങി. ഇന്ന് വൈകിട്ട് ആറ് മണിയോടെ ജെ.സി. ഡാനിയേൽ പുരസ്കാര സമർപ്പണത്തിന്റെയും സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും നിശയ്ക്ക് തിരി തെളിയും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനാകുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് നൽകി നടി ഷീലയെ ആദരിക്കും.
മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, സുരേഷ് ഗോപി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ, ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
അവാർഡ് വിതരണച്ചടങ്ങിന് ശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സംവിധായകൻ ബിജിബാൽ നയിക്കുന്ന നവവസന്തം എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിജയ് യേശുദാസ്, സുദീപ് കുമാർ, ജി. ശ്രീറാം, രാജലക്ഷ്മി, സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണൻ, ഹരിശങ്കർ, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. അവാർഡ് വിതരണച്ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സ് കെട്ടിടത്തിലുള്ള ചലച്ചിത്ര അക്കാഡമിയുടെ സിറ്റി ഓഫീസിൽ ലഭിക്കും.
മലയാളത്തിന്റെ ആദരം
മലയാള സിനിമയ്ക്ക് ഊടും പാവും നെയ്യാൻ ജിവിതത്തിന്റെ നല്ല ഭാഗം മാറ്റി വച്ച മഹാപ്രതിഭകളെ ആദരിക്കാൻ ചലച്ചിത്ര അക്കാഡമി ചടങ്ങിൽ അവസരമൊരുക്കുന്നുവെന്നതാണ് ഇത്തവണത്തെ അവാർഡ് നിശയുടെ ഏറ്റവും വലിയ പ്രത്യേകത. നടന്മാരായ ജി.കെ. പിള്ള, ജഗതി ശ്രീകുമാർ, വിപിൻമോഹൻ, നിർമ്മാതാവ് ആർ.എസ്. പ്രഭു, ചലച്ചിത്രപിന്നണി ഗായിക സി.എസ്. രാധാദേവി, നടിമാരായ നെയ്യാറ്റിൻകര കോമളം ടി.ആർ. ഓമന, ശ്രീലത നമ്പൂതിരി, നടിയും പിന്നണി ഗായികയുമായ ലതാ രാജു, ഛായാഗ്രാഹകന്മാരായ ടി.എൻ. കൃഷ്ണൻകുട്ടി നായർ, ശിവൻ, സംവിധായകൻ ബി. ത്യാഗരാജൻ, സ്റ്റാൻലി ജോസ്, സംവിധാന സഹായി കെ. രഘുനാഥ് തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.