തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് സുരക്ഷയൊരുക്കി കാമ്പസിനുള്ളിൽ ക്യാമ്പ് ചെയ്യുന്ന പൊലീസുകാർ കോളേജിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജിനുള്ളിലെ വിദ്യാർത്ഥികളുടെ സ്വൈരവിഹാരത്തിന് തടസമാകുന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പ്രതിഷേധമുണ്ടായത്. പൊലീസ് ശല്യമാകുന്നുവെന്ന് എസ്.എഫ്.ഐ ഭാരവാഹികളോടാണ് വിദ്യാർത്ഥികൾ ആദ്യം പരാതി അറിയിച്ചത്. ഇതോടെ കാമ്പസിലെ ഗേറ്റിൽ മാത്രം സംരക്ഷണമൊരുക്കിയാൽ മതിയെന്ന് ഭാരവാഹികൾ വിധിച്ചു. പൊലീസിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
എന്നാൽ പൊലീസ് ഇതിന് കൂട്ടാക്കാതെ വന്നതോടെ പ്രതിഷേധം കനത്തു. ഇതിനെത്തുടർന്ന് കന്റോൺമെന്റ് സി.ഐയും അസി. കമ്മിഷണറും ഉൾപ്പെടെയുള്ളവർ പ്രശ്നപരിഹാരത്തിനായി കാമ്പസിലെത്തി. സർക്കാരാണ് കോളേജിനുള്ളിൽ സുരക്ഷ ഒരുക്കാൻ ആവശ്യപ്പെട്ടതെന്നും പരാതികൾ സർക്കാരിനോട് പറയാനും അധികൃതർ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർത്ഥികൾ പരാതിയുമായി പ്രിൻസിപ്പലിന്റെ അടുത്തെത്തി. നൂറോളം വിദ്യാർത്ഥികൾ എഴുതി തയാറാക്കിയ പരാതിയും പ്രിൻസിപ്പലിന് സമർപ്പിച്ചു.
ഇരുപതോളം പൊലീസുകാർ കാമ്പസിനുള്ളിലും ഗേറ്റിലുമായി സദാസമയവുമുണ്ട്. കോളേജിനുള്ളിൽ ആഡിറ്റോറിയത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിവാദമായ ഇടിമുറിക്ക് (എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ്) മുന്നിലും സദാസമയവും പൊലീസുണ്ട്. കോളേജിനുള്ളിലേക്ക് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കടക്കാൻ പോലും പൊലീസിന്റെ അനുമതി വേണം. കോളേജ് ഐ.ഡി കാർഡുള്ളവർക്കേ പ്രവേശനവുമുള്ളൂ. കഴിഞ്ഞ 12ന് കോളേജിനുള്ളിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ കൈയാങ്കളി അടിപിടിയിലും കത്തിക്കുത്തിലും അവസാനിച്ചതോടെ കോളേജിനുള്ളിലും പുറത്തും പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് കോളേജിൽ സുരക്ഷ ഏർപ്പെടുത്തിയത്.