ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അന്വേഷണം എന്ന് പേരിട്ടു.
കൊച്ചിയിലെ ചാനൽ മേധാവിയായ അരവിന്ദിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. അവിടത്തെ തന്നെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ ഗൗതം അരവിന്ദിന്റെ ആത്മസുഹൃത്താണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇരുവരും കണ്ടുമുട്ടുന്നതും തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ശ്രുതി രാമചന്ദ്രനാണ് നായിക. ലാൽ, ശ്രീകാന്ത് മുരളി, നന്ദു, ഷാജു ശ്രീധർ, ജയവിഷ്ണു, ലെന,ലിയോണ ലിഷോയ് എന്നിവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, എ.വി.അനൂപ്, സി.വി .സാരഥി എന്നിവർ ചേർന്നാണ് അന്വേഷണം നിർമ്മിക്കുന്നത്.ഒക്ടോബർ റിലീസാണ് ഉദ്ദേശിക്കുന്നത്.
ഫ്രാൻസിസ് തോമസിന്റെ കഥയ്ക്ക് സലിൽ ശങ്കരൻ, രഞ്ജിത് കമലശങ്കർ, ഫ്രാൻസിസ് തോമസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.സുജിത് വാസുദേവാണ് കാമറ. ലില്ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രശോഭ് വിജയൻ.