കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഐ.ജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഇടത് കൈ ഒടിഞ്ഞുവെന്ന സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന്റെ വാദം പൊളിയുന്നു. എം.എൽ.എയുടെ കെെയ്യുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് കൈമാറി. എം.എൽ.എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
അതേസമയം, പൊലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നൽകിയതെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും ജില്ലാകമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. പാർട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രൻ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാർജ് വിഷയത്തിൽ സി.പി.ഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് അണികൾ ആരോപിച്ചു. പൊലീസിന്റെ അടിവാങ്ങിയത് പ്രതിഷേധിക്കാൻ പോയിട്ടാണെന്ന അനവസരത്തിലുള്ള കാനത്തിന്റെ പ്രതികരണം പാർട്ടിയെ തള്ളിപ്പറഞ്ഞതിന് തുല്യമാണെന്നും വിമർശനങ്ങളുണ്ടായിരുന്നു.