ajith-doval

ശ്രീനഗർ: ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രം കാശ്മീരിലേക്ക് 10,000 അർദ്ധ സൈനികരെ അയക്കുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ട് ദിവസത്തെ കാശ്മീർ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ക്രമസമാധാന പ്രശ്‌നങ്ങൾ വിലയിരുത്തി. സംസ്ഥാനത്ത് ഇപ്പോഴും രാഷ്ട്രപതി ഭരണം നിലനിൽക്കുകയാണ്. വടക്കൻ കാശ്മീരിൽ കൂടുതൽ സേനയെ നിയോഗിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു. കൂടുതൽ സേനയെ നിയോഗിക്കുന്നതിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന ആരോപണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമാനമാർഗം സൈനികരെ എത്തിക്കുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ അമർനാഥ് യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി 40,000 സൈനികരെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 10,000 അർദ്ധ സൈനികരെ നിയോഗിച്ചിരുന്നു. ജമാത്ത് ഇസ്ലാമി നിരോധിച്ച് നേതാക്കൾക്കെതിരെ നടപടിയുണ്ടായതിന് തൊട്ടുപിന്നാലെയാണിത്.