ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തരമായി നൂറുകോടി അനുവദിച്ചില്ലെങ്കിൽ ദൈനദിന പ്രവർത്തനങ്ങൾ നിലയ്‌ക്കുമെന്നും സർക്കാരിന് എം.ഡിയുടെ മുന്നറിയിപ്പ്. വരുമാനം കൂട്ടാനും നഷ്‌ടം കുറയ്‌ക്കാനുമായി നടത്തിയ ശ്രമങ്ങൾ പാളിയതാണ് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കിയത്. സ്‌പെയർ പാട്‌സ് കുടിശിക 21.50 കോടി, ബസ് വാങ്ങിയ വകയിൽ പതിനെട്ടരക്കോടി ,അപകടനഷ്ടപരിഹാരമായി കൊടുക്കാനുള്ളത് 25.60കോടി രൂപ, ജി.പി.എസും ജി.എസ്.ടിക്കുമായി 17 കോടി, നിർമാണപ്രവർത്തനങ്ങളുടെ കുടിശിക 13 കോടിയും വായ്പയ്ക്കായി കൺസോർഷ്യം രൂപീകരിച്ച വകയിൽ ബാങ്ക് ഫീസ് കുടിശിക നാലരക്കോടിയും കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയുണ്ട്.

സ്പെയർ പാർട്സ് വാങ്ങാൻ പണമില്ലാത്തതിനാൽ ആയിരം ബസുകൾ ദിവസവും അയയ്‌ക്കുന്നില്ല. കുടിശിക കൊടുക്കാത്തത് കൊണ്ട് വോൾവോ ബസുകളുടെ അറ്റകുറ്റപ്പണിക്ക് സ്‌‌കാനിയ തയ്യാറാകുന്നുമില്ല. റിസർവേഷനുള്ള ദീർഘദൂര സർവീസുകൾ ഇതുമൂലം റദ്ദാക്കേണ്ടിവരുന്നു. ഈ സാമ്പത്തിക വർഷത്തെ ഇതുവരെയുള്ള നഷ്ടം 234 കോടിയാണ്. വരവ് ചെലവ് ഇനത്തിൽ പ്രതിദിനം എഴുപത്തിയൊൻപത് ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ടെന്നും എം.ഡി.ദിനേശ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പെൻഷനായി ട്രഷറിയിലേക്ക് നേരിട്ട് അടച്ച 47 കോടി രൂപ തിരികെ നൽകണം, വിദ്യാർഥികളുടെ കൺസെഷന്റെ കാര്യത്തിൽ പുനർചിന്ത വേണം,ഒരു ദിവസം 2,04,000 വിദ്യാർത്ഥികളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇത് വൻസാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.