padannayil

കെ.ടി.എസ് പടന്നയിൽ എന്ന നടനെ മലയാള സിനിമ മറന്നു പോയിരിക്കുന്നു. തന്റെ സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന പടന്നയിൽ ഇന്ന് പുതുതലമുറയ്‌ക്ക് തീർത്തും അന്യനായി മാറിയിരിക്കുന്നു. ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻബാവ, കഥാനായകൻ, അമ്മ അമ്മായിഅമ്മ തുടങ്ങിയവയെല്ലാം പടന്നയിൽ നിറഞ്ഞാടിയ ഹിറ്റ് ചിത്രങ്ങളായിരുന്നു.

അയ്യായിരം രൂപ അംഗത്വ ഫീസുള്ളപ്പോൾ താരസംഘടനയായ 'അമ്മ'യിൽ ചേർന്ന കെ.ടി.എസ് പടന്നയിലിന് ഇന്ന് 'അമ്മ' അയ്യായിരം രൂപ പെൻഷനായി നൽകുന്നുണ്ട്. എന്നാൽ അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോൾ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പടന്നയിൽ പറയുന്നു. ജാ‌ഡ എന്ന വാക്ക് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതെന്താണെന്ന് അവർ തനിക്ക് മനസിലാക്കി തന്നുവെന്ന് പടന്നയിൽ പറയുന്നു.

'അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോൾ ഒരുപാട് ആൾക്കാരെ കാണും. ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാൽ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല. പിന്നെ ഞാൻ ഈ പിള്ളേരുടെ അടുത്ത് ചെന്നിട്ട് മോനെ എന്നെ അറിയോ, എന്ന് ചോദിക്കേണ്ട കാര്യമില്ല. അവർക്ക് മനസിലായില്ലെങ്കിൽ ഞാനും മനസിലാക്കുന്നില്ല.

ഒരുപാട് പടത്തിൽ അച്ഛൻ വേഷം ചെയ്‌തിട്ടുണ്ട്. ജഗതിയുടെ അച്ഛൻ അങ്ങനെ ഒത്തിരി. ജഗതിയൊക്കെയുള്ളപ്പോൾ ഭയങ്കര സ്നേഹമായിരുന്നു. ഇന്നസെന്റും വന്ന് സംസാരിക്കാറുണ്ട്. എന്നാൽ ചിലരെ കാണുമ്പോൾ ജാഡ എന്നൊക്കെ പറഞ്ഞാൽ ഇതാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്'- പടന്നയിൽ പറയുന്നു.