taliban

ന്യൂയോർക്ക്: പാകിസ്ഥാൻ വഴി അഫ്‌ഗാനിസ്ഥാനിലേക്ക് കടന്ന് താലിബാൻ ഭീകരരുടെ ഭാഗമാകാൻ പദ്ധതിയിട്ടെത്തിയ 34കാരനെ സുരക്ഷാസേന വിമാനത്താവളത്തിൽ വച്ച് തടഞ്ഞു. ന്യൂയോർക്ക് സ്വദേശിയായ ദിലോവർ മുഹമ്മദ് ഹുസൈൻ ആണ് കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ജോൺ.എഫ്.കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. തായ്‌ലാൻഡിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ആണ് ഇയാളെ പിടികൂടിയത്. അമേരിക്കൻ സൈനികരെയും വിദേശത്ത് താമസിക്കുന്ന അമേരിക്കൻ പൗരന്മാരെയും വധിക്കാൻ പദ്ധതിയിട്ട ഇയാൾ ഭീകരർക്ക് വേണ്ട സഹായം ചെയ്‌ത് നൽകിയെന്നും ആരോപണമുണ്ട്. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

2018ന്റെ അവസാനം മുതൽ തന്നെ ഹുസൈൻ ഭീകരസംഘടനയുടെ ഭാഗമാകണമെന്നും അമേരിക്കൻ സൈന്യത്തിനെതിരെ പോരാടണമെന്നും ആഗ്രഹിച്ചിരുന്നതായി മാൻഹാട്ടൻ ഫെ‌‌ഡ‌റൽ കോടതിയിൽ സമർപ്പിക്കപ്പെട്ട പരാതിയിൽ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനിലെത്തി അമേരിക്കൻ സൈന്യത്തിനെതിരെ പോരാടണമെന്നും താൻ മരിക്കുന്നതിന് മുമ്പ് ഒരു അവിശ്വാസിയെ എങ്കിലും കൊല്ലണമെന്നും ഹുസൈൻ ആഗ്രഹിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പുകളും ഇയാൾ നടത്തിയിരുന്നു. വാക്കി ടാൽക്കി പോലുള്ള ഉപകരണങ്ങൾ വാങ്ങിച്ച ഹുസൈൻ ട്രെക്കിംഗ് സാമഗ്രികളും സ്വന്തമാക്കി. കൂടാതെ ആയുധങ്ങൾ വാങ്ങാനായി ധാരാളം പണവും ഇയാൾ ശേഖരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച എഫ്.ബി.ഐ ഹുസൈനെ പിടികൂടുകയായിരുന്നു.