rakhi-murder

തിരുവനന്തപുരം: തിരുപുറത്തൂർ പുത്തൻകട ജോയ് ഭവനിൽ രാജന്റെ മകൾ രാഖിമോളെ (30) കൊലപ്പെടുത്താനായി പ്രതികൾ ഉപയോഗിച്ചത് സുഹൃത്തായ മറ്റൊരു സൈനികന്റെ വാഹനമാണെന്ന് പൊലീസ്. സംഭവത്തിന് ശേഷം അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണ്. കൊലപാതകത്തിന് ശേഷം നിരവധി തവണ കഴുകി തെളിവുകളെല്ലാം നശിപ്പിച്ച ശേഷം തിരികെ കൊണ്ടിട്ട വാഹനം തൃപ്പരപ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് രാഖിയെ നെയ്യാറ്റികരയിൽ നിന്നും കൂട്ടിക്കൊണ്ടുവന്നതും പിന്നീട് കൊലപ്പെടുത്തിയതും.


അഖിൽ നാട്ടിലെത്തുമ്പോഴൊക്കെ സുഹൃത്തായ രതീഷിന്റെ കാർ ഉപയോഗിക്കാറുണ്ടായിരുന്നു. വിവാഹ നിശ്ചയത്തിനാണെന്ന് പറഞ്ഞാണ് മാസങ്ങൾക്ക് മുമ്പൊരിക്കൽ കാർ കൊണ്ടുപോയത്.അഖിലും ചേട്ടൻ രാഹുലുമായി ബൈക്കിലെത്തിയശേഷം ഒരാൾ കാറെടുക്കുകയും മറ്റേയാൾ ബൈക്കിലും മടങ്ങി. ജൂൺ19നാണ് രണ്ടാമതായി തൃപ്പരപ്പിലെത്തി കാറെടുത്ത് പോയത്. അഖിലും ചേട്ടൻ രാഹുലുമാണ് പോയത്. വീട്ടിലെ ചില ആവശ്യങ്ങൾക്ക് കാർ വേണമെന്നും ജൂൺ 27ന് മുമ്പ് കാർ തിരികെ എൽപ്പിക്കാമെന്നും പറഞ്ഞാണ് കാർ കൊണ്ടുപോയത്.

അഖിൽ അവധി കഴിഞ്ഞ് മടങ്ങിയതിനു രണ്ടുദിവസം കഴിഞ്ഞ് സഹോദരൻ രാഹുലാണ് കാർ തൃപ്പരപ്പിൽ കൊണ്ടിട്ടത്. ജൂൺ 21 മുതലാണ് രാഖിയെ കാണാതായത്.


അതേസമയം, പൊലീസിനെ വഴിതെറ്റിക്കാൻ പ്രതികൾ കാട്ടിയ അതിബുദ്ധിയാണ് പൊലീസിനെ കേസ് തെളിയിക്കാൻ സഹായിച്ചതെന്നാണ് വിവരം. രാഖിയുടെ ഫോൺ തുറക്കുന്നത് അവളുടെ കൈ വിരലടയാളം ഉപയോഗിച്ചായിരുന്നു. പ്രതികൾ മൃതശരീരം മറവു ചെയ്തതോടെ ഫോൺ തുറക്കാനാവാതായി. ഇതോടെ കാട്ടാക്കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങി രാഖിയുടെ സിം കാർഡ് ഇട്ടു. അഖിലുമായി വഴിപിരിയുകയാണെന്നും താൻ മറ്റൊരാളുമായി ചെന്നൈയിലേക്ക് പോകുന്നുവെന്നും പ്രതികൾ തന്നെ നിരവധി എസ്.എം.എസുകൾ അഖിലിന്റെ ഫോണിലേക്ക് അയച്ചു.


അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി അഖിലിന്റെ ബന്ധുക്കൾ നൽകിയ പരാതിക്കൊപ്പം ഈ മെസേജിന്റെ പ്രിന്റൗട്ടും നൽകി. മെസേജ് ഫോർവേഡ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് സിം കാർഡ് യുവതിയുടേതാണെങ്കിലും ഫോൺ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. ഈ ഫോണിലെ അവസാന ടവർ ലൊക്കേഷൻ അമ്പൂരിയിലേതാണെന്ന് പൊലീസ് മനസിലാക്കി. കാട്ടാക്കടയിലെ കടയിൽ നിന്ന് ഫോൺ വാങ്ങിയത് പ്രതികളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് പണി എളുപ്പമായി.


സഹോദരൻ രാഹുൽ അറസ്റ്റിൽ?
അഖിലിന്റെ സഹോദരൻ രാഹുൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയതായി ഇന്നലെ മുതൽ പ്രചാരണമുണ്ടായിരുന്നു. ഇയാളുടെ പിതാവാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. 'അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. രാഹുലിന്റെ ഒളിയിടം കണ്ടെത്തിയെന്നും ഉടൻ അറസ്റ്റിലാവുമെന്നും' പൂവാർ സി.ഐ ബി.രാജീവ് പറഞ്ഞു. രാഖി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.