ദുബായ്: പതിനാറുകാരനെ അഞ്ച് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദുബായ് അൽ ഖാസിസിലെ ഒരു വില്ലയിൽ ആണ് സംഭവം. ഇതുസംബന്ധിച്ച് പ്രതികളിൽ ഒരാളെ പരിചയമുണ്ടെന്നും സ്‌പോർട് ക്ലബിൽ വച്ചാണ് പരിചയമെന്നും പീഡനത്തിന് ഇരയായ വിദ്യാർത്ഥി മൊഴി നൽകി. 2019 ഏപ്രിലിൽ സ്നാപ് ചാറ്റ് വഴി ഒരു സുഹൃത്തിനെ ഇയാൾ പരിചയപ്പെടുത്തുകയും കാറുകളെ കുറിച്ചും ബൈക്കുകളെ കുറിച്ചും സംസാരിക്കുകയും ചെയ്‌തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ് സംഭവം നടന്നത്.
വീടിനു സമീപത്തുള്ള സൂപ്പർമാർക്കറ്റിൽ വച്ച് രാവിലെ കാണാമെന്ന് പ്രതികളിൽ ഒരാൾ പറഞ്ഞിരുന്നു. കാറിൽ അവരോടൊപ്പം പ്രാതൽ കഴിക്കാൻ പോയതായും അവരിൽ ഒരാളുടെ കൈവശം കത്തി കണ്ടതായും വിദ്യാർത്ഥി പറഞ്ഞു. പിന്നീട് കാർ ഒരു വീടിനു മുന്നിൽ നിറുത്തുകയും തന്നെ മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കത്തി കാണിച്ച് പേടിപ്പിച്ച ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി.
സംഭവത്തിൽ മറ്റ് പ്രതികളും തന്നെ പീഡിപ്പിച്ചുവെന്ന് പതിനാറുകാരൻ പറയുന്നു. തുടർന്ന് വിദ്യാർത്ഥിയെ പ്രതികൾ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു. സംഭവിച്ച കാര്യങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, വിദ്യാർത്ഥിയുടെ സുഹൃത്തുക്കളിൽ ഒരാൾ സംഭവത്തിന്റെ വീഡിയോ കണ്ടുവെന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്. പ്രതികൾ വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥി ഏപ്രിൽ 23ന് തന്റെ സഹോദരനോട് കാര്യങ്ങൾ പറയുകയും ദുബായ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഏപ്രിൽ 29ന് കേസിലെ പ്രധാന പ്രതിയും സംഭവങ്ങൾ ചിത്രീകരിക്കുകയും ചെയ്ത 19 വയസുകാരനെ പിടികൂടിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസിലെ മറ്റുപ്രതികളെ അവരുടെ താമസസ്ഥലങ്ങളിൽ നിന്നും പിടികൂടി. ഇവർ വിദ്യാർത്ഥിയെ ഉപദ്രവിച്ചുവെന്ന കാര്യം സമ്മതിച്ചു. സംഭവത്തിന്റെ മുഖ്യആസൂത്രകൻ 19കാരൻ ആണെന്നും ഇവർ വ്യക്തമാക്കി. 19–25 വയസു വരെ പ്രായമുള്ളവരാണ് കേസിലെ പ്രതികൾ. കേസ് ദുബായ് കോടതിയുടെ പരിഗണനയിലാണ്. കേസിൽ വാദം ആഗസ്റ്റ് നാലിന് വീണ്ടും നടക്കും.