കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഐ.ജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ കൈ ഒടിഞ്ഞതായി പറഞ്ഞിട്ടില്ലെന്ന് മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം.മാദ്ധ്യമങ്ങളാണ് അത്തരത്തിൽ വാർത്ത നൽകിയതെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു. 'വസ്തുതയ്ക്ക് നിരക്കാത്ത ഒരു കാര്യം പോലും പറഞ്ഞിട്ടില്ല. ഇടത് കൈയ്യിലെ പരിക്കിനെപ്പറ്റി ആശുപത്രി അധികൃതർ സൂചിപ്പിച്ചതായിട്ടാണ് പറഞ്ഞത്. പൊലീസിന്റെ നിലനിൽപ്പിന്റെ വിഷയമാണ്. ലാത്തിച്ചാർജ് അടക്കമുള്ള സംഭവങ്ങൾ നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം. '-അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു. ഈ മെഡിക്കൽ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എം.എൽ.എയുടെ കൈയുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ റിപ്പോർട്ട് തഹസിൽദാർ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. എം.എൽ.എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു.
എം.എൽ.എയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയടക്കം പറയുകയും പൊലീസിനെതിരെ കടുത്ത സമര പരിപാടിയിലേക്ക് സി.പി.ഐ ജില്ലാ നേതൃത്വം നീങ്ങുകയും ചെയ്തത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മെഡിക്കൽ റിപ്പോർട്ട് പുറത്തായതോടെ നേതൃത്വം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഭരണപക്ഷ എം.എൽ.എയുടെ കൈ ഒടിഞ്ഞുവെന്ന സി.പി.ഐ പ്രചാരണം ജില്ലയിലെ മുന്നണി ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഏത് വിധത്തിൽ പരിഹരിക്കുമെന്നതും സി.പി.ഐ നേതൃത്വത്തിന് തലവേദനയാകും.
അതേസമയം, ഡി.ഐ.ജി ഓഫീസ് മാർച്ചിൽ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റിയതായാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത് പാർട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പൊലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നൽകിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും ജില്ലാ കമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു.കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡി.ഐ.ജി ഓഫീസിൽ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ എൽദോ എബ്രഹാം എം.എൽ.എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുക്കും. സി.പി.ഐ മാർച്ച് ഉദ്ഘാടനം ചെയ്തതും മാർച്ചിന് നേതൃത്വം നൽകിയതും എൽദോ എബ്രാഹമാണ്. ഇതേതുടർന്നാണ് എം.എൽ.എയെ ഒന്നാം പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കണ്ടാൽ അറിയാവുന്നവരെയും പ്രതിചേർക്കും. കൂടാതെ, കൈയ്ക്ക് പൊട്ടലുണ്ടെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും എം.എൽ.എയ്ക്ക് എതിരെ കേസ് എടുത്തേക്കും. എറണാകുളം അസി. കമ്മിഷണർ കെ.ലാൽജി, സെൻട്രൽ എസ്.ഐ വിബിൻദാസ്, സിവിൽ പൊലീസ് ഓഫീസർ സുബൈർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറാതെ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.