രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഇന്നത്തെ ചുറ്റുപാടിൽ ഒരു കലാകാരനും വളരാൻ കഴിയില്ലെന്ന് നടൻ ബാലചന്ദ്ര മേനോൻ. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും സ്ഥിരം വിഗ്രഹങ്ങളുണ്ട്. അവർക്ക് മാത്രം സ്ഥിരം അവാർഡ് കൊടുക്കും. അതിന്റെ പേരിൽ പരസ്‌പരം ബെനിഫിറ്റ് ഉണ്ടാക്കുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നുമില്ലെന്ന് മേനോൻ പറയുന്നു. തന്റെ യൂട്വൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.
യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിയൻ ചെയർമാനായിരിക്കെ നടന്ന നാടക മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും താൻ തഴയപ്പെട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു ബാലചന്ദ്രമേനോന്റെ പരാമർശം. വളരെ നല്ല നാടകമായിരുന്നിട്ടും ഒന്നാം സമ്മാനം ലഭിക്കാത്തതിന് പിന്നിൽ ജൂറി അംഗങ്ങളായി എത്തിയ കോൺഗ്രസ് സംഘടനാ നേതാക്കളായിരുന്നുവെന്നും, അന്നത്തെ കെ.എസ്.യു നേതാവും തന്റെ സുഹൃത്തുമായ ചെറിയാൻ ഫിലിപ്പാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും മേനോൻ പറയുന്നു. കലാകാരന് സമൂഹത്തിൽ വളരണമെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ കഴിയില്ലെന്ന് അന്ന് തനിക്ക് മനസിലായ കാര്യമാണെന്നും ഫിൽമി ഫ്രൈഡേയ്‌സിൽ മേനോൻ വ്യക്തമാക്കുന്നു.