vs-achuthanandan

തിരുവനന്തപുരം: പ്രതിപക്ഷം ഉയർത്തിയ വൻ എതിർപ്പ് മറികടന്നാണ് കഴിഞ്ഞ ദിവസം വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭരണ പരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ.

"വിവരാവകാശ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിൻ വിധേയമാക്കിയിരിക്കുന്നു. വിവരാവകാശ കമ്മീഷൻ ഭരണഘടനാ സ്ഥാപനമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ജനങ്ങളുടെ വിവരാവകാശം ഇല്ലായ്മ ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അടിസ്ഥാനമായ ഫെഡറിലസിത്തിന്റെ കടയ്ക്കൽ കത്തിവെച്ചിരിക്കുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിവരാവകാശ നിയമത്തിന് മോദി സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുന്നു. അറിയാനുള്ള പൗരന്റെ അവകാശത്തിനു മേൽ അവസാനത്തെ ആണിയും അടിച്ചുകയറ്റിയിരിക്കുന്നു. വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവർത്തനത്തെയും മോദി സർക്കാർ ഭയക്കുന്നു എന്നർത്ഥം.

വിവരാവകാശ കമ്മീഷന്റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിൻ വിധേയമാക്കിയിരിക്കുന്നു. വിവരാവകാശ കമ്മീഷൻ ഭരണഘടനാ സ്ഥാപനമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ജനങ്ങളുടെ വിവരാവകാശം ഇല്ലായ്മ ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അടിസ്ഥാനമായ ഫെഡറിലസിത്തിന്റെ കടയ്ക്കൽ കത്തിവെച്ചിരിക്കുന്നു.

ചോദ്യങ്ങൾ മോദിയെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകുന്നില്ല. നോട്ട് നിരോധനത്തെക്കുറിച്ച്, രാജ്യത്തെ വർഗീയ കലാപങ്ങളെക്കുറിച്ച്, ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് എല്ലാം ചോദ്യങ്ങളുയരുമ്പോൾ മോദി സർക്കാർ കണ്ട കുറുക്കുവഴിയാണ്, വിവരങ്ങൾ മറച്ചുവെക്കുക എന്നത്. പക്ഷെ, ജനമനസ്സുകളിലുയരുന്ന ചോദ്യങ്ങളെ നിയമംകൊണ്ട് തടയാമെന്ന സർക്കാരിന്റെ വ്യാമോഹങ്ങൾക്ക് ഏറെക്കാലം നിലനിൽപ്പില്ല. എന്നെങ്കിലും ഭരണാധികാരികൾ തിരിച്ചറിയുന്നത് നന്നായിരിക്കും.