തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജൻ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്തിയില്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും രാജൻ ആരോപിച്ചു. സ്വന്തം വീടിനുള്ളിൽ ഇത്ര ക്രൂരമായ കൊലപാതകം നടന്നത് അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തിൽ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകൾ നൽകിയെങ്കിലും ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകണം. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാജൻ പറഞ്ഞു.
അതേസമയം, രാഖിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അഖിൽ നായരുടെ സഹോദരനും കൂട്ടുപ്രതിയുമായ രാഹുൽ പൊലീസ് പിടിയിലായി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയ രാഹുൽ കുറ്റം സമ്മതിച്ചു. കേസിൽ പിടിയിലായ മൂന്നാം പ്രതി ആദർശിന്റെ മൊഴികൾ ശരിവയ്ക്കും വിധം രാഖിയെ കാറിൽ കയറ്റി കൊണ്ടുവന്നത് മുതൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് വരെയുള്ള സംഭവങ്ങൾ ഒന്നൊന്നായി രാഹുൽ പൊലീസിനോട് വിവരിച്ചു.
സഹോദരനും സൈനികനുമായ അഖിലിന്റെ വിവാഹം മുടക്കാൻ രാഖി നടത്തിയ ശ്രമമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ സമ്മതിച്ചു.മിസ്ഡ് കോളിലൂടെ അഖിലുമായി പരിചയത്തിലായ രാഖി പ്രണയത്തിലൂടെ അനുജനെ വശീകരിക്കുകയും നിർബന്ധിച്ച് താലികെട്ടിക്കുകയും ചെയ്തതായി രാഹുൽ പറഞ്ഞു. എന്നാൽ അഖിലിനെക്കാൾ പ്രായക്കൂടുതലായതിനാൽ ബന്ധം അംഗീകരിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം ബോദ്ധ്യപ്പെട്ട അഖിൽ ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായും രാഖിയെ അറിയിച്ചിരുന്നു. സ്നേഹബന്ധത്തിൽ നിന്ന് പിൻമാറണമെന്ന രാഹുലിന്റെ ഉപദേശം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന രാഖി വീട്ടുകാർ അഖിലിന് വിവാഹാലോചന നടത്തിയ പെൺകുട്ടിയുടെ വീട്ടിലെത്തി അഖിലും താനുമായി പ്രണയത്തിലാണെന്ന് അറിയിച്ചു.
ഇതേ തുടർന്ന് വിവാഹബന്ധം തെറ്റി. ഇതിൽ പ്രകോപിതനായ അഖിൽ രാഖിയെ ഫോണിൽ വിളിച്ച് ശകാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ അഖിലിനെ വിവാഹം കഴിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അതിന് തയ്യാറാകാതിരുന്നാൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും രാഖി വെളിപ്പെടുത്തി.ഇതോടെ അഖിൽ തന്റെ സഹായം തേടിയതായും ഇരുവരും കൂടിയാലോചിച്ചാണ് രാഖിയെ വകവരുത്താൻ തീരുമാനിച്ചതെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു. പിണക്കത്തിലായ രാഖിയെ താൻ മറ്റൊരു വിവാഹം കഴിക്കില്ലെന്ന ഉറപ്പിൽ അനുനയത്തിലാക്കിയശേഷം അമ്പൂരിയിൽ പുതുതായി നിർമ്മിക്കുന്ന വീട് കാണിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാറിൽ വച്ചും രാഖിയോട് പ്രണയത്തിൽ നിന്ന് പിൻമാറണമെന്നും വിവാഹത്തിന് തടസം നിൽക്കരുതെന്നും അഖിൽ അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. കാറിൽ ഡ്രൈവിംഗ് സീറ്റിന്റെ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന രാഖിയെ വാഹനം എവിടെയെങ്കിലും ഇടിച്ചുകയറ്റി കൊല്ലുമെന്ന് അഖിൽ ഭീഷണിപ്പെടുത്തിനോക്കിയെങ്കിലും നിലപാടിൽ നിന്ന് പിൻമാറിയില്ല. തുടർന്നാണ് അമ്പൂരിയിലെ വീടിന് സമീപം കാറിനുള്ളിൽ വച്ച് രാഖിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയത്. 'എന്റെ അനുജന്റെ വിവാഹം നീ മുടക്കുമല്ലേടി" എന്ന് ചോദിച്ച് കാറിന്റെ പിൻസീറ്റിലിരുന്ന താനാണ് പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കി വലിച്ചതെന്നും തുടർന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്ന അഖിൽ കൂടി ചേർന്ന് കയറിൽ പിടിച്ച് വലിച്ച് മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നും ഇയാൾ മൊഴി നൽകി.
മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം മൃതദേഹം വീടിന്റെ കോമ്പൗണ്ടിൽ വെട്ടിയിരുന്ന കുഴിയ്ക്കുള്ളിലാക്കി ഉപ്പിട്ട് മൂടിയതായും കാറിനുള്ളിൽ നിന്ന് കൊലപാതകത്തിന്റെ തെളിവുകളൊന്നും ലഭിക്കാതിരിക്കാൻ കാർ പലതവണ കഴുകിയതായും രാഹുൽ പറഞ്ഞു. രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ച് കളഞ്ഞ് തെളിവില്ലാതാക്കി. കൊലപാതകത്തിന് ശേഷം ജോലി സ്ഥലത്തേക്ക് അഖിൽ തിരികെ പോയശേഷം കൊലപാതകത്തിനുപയോഗിച്ച തമിഴ്നാട് തൃപ്പരപ്പ് സ്വദേശിയായ സുഹൃത്തിന്റെ കാർ താനാണ് തിരികെ എത്തിച്ചതെന്നും രാഹുൽ സമ്മതിച്ചു. രാഹുലുമായി തൃപ്പരപ്പിലെത്തി കാർ കസ്റ്റഡിയിലെടുത്തശേഷം അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം കേസിലെ പ്രധാന പ്രതിയായ അഖിലിനെ പിടികൂടാൻ ഡൽഹിക്ക് തിരിച്ച പൊലീസ് സംഘം അവിടെയെത്തിതായി വിവരം ലഭിച്ചു. ഇന്ന് മിലിട്ടറി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് കേസിന്റെ കാര്യങ്ങൾ വിശദീകരിച്ചശേഷം ഇയാളെ കസ്റ്റഡിയിലെടുക്കും. കൊലയ്ക്ക് ഉപയോഗിച്ച കയർ, കുഴിവെട്ടി മൂടാനുപയോഗിച്ച മൺവെട്ടി തുടങ്ങിയവ കണ്ടെത്താനും സംഭവത്തിനുശേഷം ഒളിവിൽ പോയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാനുമുണ്ട്. അഖിലിനെ കൂടി നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കേസ് അന്വേഷണം പൂർത്തിയാകും.