ലോകമെമ്പാടുമുള്ള ഗവേഷകർ ഒന്ന് പരശോധിക്കാൻ അതിയായ ആഗ്രഹിച്ച ഹിമ മനുഷ്യനാണ് യേറ്റ്‌സി. സ്ത്രീകൾ അവന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സാധ്യത തേടി. ഭരണത്തലവന്മാർ അവന്റെ വിശേഷങ്ങൾക്കായി കാതോർത്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആർക്കിയോളജക്കിൽ കണ്ടെത്തലായി അറിയപ്പെടുന്ന യേറ്റ്‌സി എന്ന ആജാനബാഹുവായ ഹിമമനുഷ്യന്റെ കഥ ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്.
യേറ്റ്‌സിയുടെ ജനനം
1991 സെപ്‌തംബർ 19ന് ജർമ്മൻ മലകയറ്റക്കാരായ ഹൽമൂട്ട്, എരിക സിമോൺ എന്നിവരാണ് ആൽപ്‌സിലെ ഹിമപാളിക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഹിമമനുഷ്യന്റെ മൃതദേഹം കണ്ടെത്തുന്നത്. അവർ അതിന് ഒരു പേരുമിട്ടു യേറ്റ്‌സി. പർവ്വതരോഹകന്റെ ശരീരം എന്നാണ് യേറ്റ്സിയെ ആദ്യം കണ്ടെത്തിയവർ കരുതിയത്. എന്നാൽ യേറ്റ‌്‌സിക്കൊപ്പം ലഭിച്ച ചെമ്പു മഴു പരിശോധിച്ച ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് സർവ്വകലാശാലയിലെ പുരാവസ്തുശാസ്ത്രജ്ഞൻ കോൻട്രാഡ് സ്പിൻഡ്ല്ലർക്ക് യേറ്റ്‌സി പർവ്വതാരോഹകനല്ല ഒരു ഹിമ മനുഷ്യനാണെന്ന് മനസിലായി. കൂടുതൽ പഠനത്തിലൂടെ യേറ്റ്‌സിക്ക് 5300ലേറെ വർഷത്തെ പഴക്കമുണ്ടെന്ന് മനസിലായി. അതായത് ഈജിപ്ഷ്യൻ പിരമിഡുകളെക്കാളും, ഇംഗ്ലണ്ടില സ്‌റ്റോൺഹെഞ്ച് സ്മാരകത്തെക്കാളും പഴക്കം.
അത്ഭുതങ്ങൾ ഉള്ളിലൊളിപ്പിച്ച യേറ്റ്‌സി
കണ്ടെത്തിയ ദിവസം മുതൽ അത്ഭുതങ്ങളുടെ പ്രവാഹമാണ് യേറ്റ്സിയിൽ നിന്നുണ്ടായത്. വസ്ത്രങ്ങളും ആയുധങ്ങളും മുതൽ കാർഷികവൃത്തി വരെയുള്ള സംഗതികൾ യേറ്റ്സിയിൽ നിന്ന് വിവിധ ഗവേഷകർ ശേഖരിച്ചു. മാദ്ധ്യമങ്ങളിൽ യേറ്റ്‌സിയെ കുറിച്ചുള്ള കഥകൾക്ക് നിറം പിടിച്ചു. ഡോക്യുമെന്ററി സിനിമകൾക്കും ഒട്ടേറെ പുസ്‌തകങ്ങൾക്കും വിഷയമായ അവൻ, ടൈം മാഗസിന്റെ കവർസ്‌റ്റോറി പോലുമായി. ആ കവർ സ്‌റ്റോറിയിൽ യേറ്റ്‌സിക്ക് ചാർത്തി നൽകിയ വിശേഷണങ്ങൾ ഇങ്ങനെയാണ്- ലോകമെങ്ങുമുള്ള ഗവേഷകർ യേറ്റ്‌സിയെ ഒന്ന് പരിശോധിക്കാൻ അതിയായി ആഗ്രഹിച്ചു, സ്ത്രീകൾ അവന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സാധ്യത തേടി, ഭരണത്തലവന്മാർ അവന്റെ വിശേഷങ്ങൾക്കായി കതോർത്തു. നിലവിൽ അവനെ സൂക്ഷിച്ചിരിക്കുന്ന ഇറ്റലിയിലെ ബൊൽസനോ പട്ടണത്തിലെ 'സൗത്ത് ടൈറോൽ ആർക്കിയോളജി മ്യൂസിയ'ത്തിൽ അവനെ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പ്രതിവർഷം രണ്ടരലക്ഷം പേരെത്തുന്നു.
ആരാണ് യേറ്റ്‌സി
പലവിധ അപഗ്രഥനങ്ങളിലൂടെ ഉരുത്തിരിഞ്ഞ വിവരങ്ങൾ ക്രോഡീകരിച്ചാൽ യേറ്റ്‌സിയെ ഇങ്ങനെ വിശദീകരിക്കാം. പേര് ഹിമമനുഷ്യൻ, ചെല്ലപ്പേര്- യേറ്റ്സി, പുരുഷൻ, ഉയരം 1.60 മീറ്റർ, മൃതദേഹത്തിന്റെ ഭാരം 13.78 കിലോഗ്രാം, ചാരനിറമുള്ള കണ്ണുകൾ, 'ഒ' രക്തഗ്രൂപ്പ്, ശരീരത്തിൽ 61 പച്ചകുത്തുകൾ. നവശിലായുഗ മനുഷ്യർ ശരീരത്തിൽ പച്ചകുത്തിയിരുന്നു എന്നകാര്യം അത്ഭുതത്തോടെയാണ് ശാസ്ത്രലോകം മനസിലാക്കിയത്. അങ്ങനെയൊരു വിവരം ലഭിക്കുന്നതു പോലും ആദ്യമായായിരുന്നു.
യേറ്റ്‌സിയുടെ യാത്രകൾ
യേറ്റ്സിയെ കിട്ടിയതോടെ കഥ മാറി. ആ മമ്മിക്കൊപ്പം കണ്ടെത്തിയ ചെമ്പുമഴുവും വസ്ത്രവും തൂവൽ പിടിപ്പിച്ച അസ്ത്രങ്ങളും ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഹാൻഡിലുകളുമൊന്നും ആധുനിക മനുഷ്യൻ ഒരിക്കലും കണ്ടിട്ടുള്ളവ ആയിരുന്നില്ല. തുകലും സസ്യനാരുകളും കൊണ്ടുള്ള ഷൂ, പുല്ലുകൊണ്ട് പൊതിഞ്ഞ് ബലപ്പെടുത്തിയിരുന്നു.കണ്ടെത്തിയ സ്ഥലം ഓസ്ട്രിയൻ അതിർത്തിക്കുള്ളിലാണെന്ന് കരുതി യേറ്റ്സിയെ ആദ്യം 'കസ്റ്റഡിയിൽ ' വച്ചത് ഇൻസ്ബ്രൂക്ക് യൂണിവേഴ്സിറ്റിയാണ്. എന്നാൽ, ഓസ്ട്രിയൻ അതിർത്തിയിൽ നിന്ന് നൂറടി മാറി ഇറ്റാലിയൻ പ്രദേശത്താണ് യേറ്റ്സിയുടെ ശരീരം കാണപ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. ഇറ്റലി ഉടൻ അവകാശവാദം ഉന്നയിച്ചെങ്കിലും, 1998ൽ മാത്രമാണ് യേറ്റ്സി ഇറ്റലിയിലെത്തുന്നത്. ബൊൽസനോ പട്ടണത്തിൽ പ്രത്യേകമൊരുക്കിയ ശീതീകരിച്ച അറയിൽ യേറ്റ്സിയെ സൂക്ഷിച്ചു. ആ കെട്ടിടസമുച്ചയമാണ് 'സൗത്ത് ടൈറോൽ ആർക്കിയോളജി മ്യൂസിയ'മായി മാറിയത്.
വിവാദങ്ങൾ
യേറ്റ്സി പുരുഷനാണെന്ന് തെളിവുകൾ സൂചിപ്പിച്ചെങ്കിലും, ആദ്യം പരിശോധിച്ച ഓസ്ട്രിയൻ ഗവേഷകർക്ക് യേറ്റ്സിയുടെ ജനനേന്ദ്രിയം കണ്ടെത്താനായില്ല. ഇത് ചില അഭ്യൂഹങ്ങൾക്ക് വഴിവച്ചു. അതിന്റെ ചുവടുപിടിച്ച്, ആ കണ്ടെത്തൽ മുഴുവൻ തട്ടിപ്പാണെന്നും, ടൂറിസം ശക്തിപ്പെടുത്താനായി ഒരു ഈജിപ്ഷ്യൻ മമ്മിയെ ഉപയോഗിച്ച് നടത്തിയ നാടകമാണതെന്നും ആരോപിച്ച് ഒരു ജർമൻ ജേർണലിസ്റ്റ് 1993ൽ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. പുസ്തകം പുറത്തുവന്നപ്പോൾ, അക്കാര്യം ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ച ഗവേഷകർ തങ്ങളുടെ ആദ്യനിഗമനം തെറ്റാണെന്നും, യേറ്റ്സിക്ക് ജനനേന്ദ്രിയം ഉണ്ടെന്നും ആ പരിശോധനയിൽ സ്ഥിരീകരിച്ചു.
ദുരൂഹതയൊഴിയാതെ യേറ്റ്‌സിയുടെ മരണം
മഞ്ഞിൽ മരിക്കാനായി യേറ്റ്സി എന്തിന് ആൽപ്സിന്റെ പതിനായിരം അടി ഉയരത്തിലെത്തി എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
യേറ്റ്സിയുടെ വാരിയെല്ലുകളിൽ ചിലത് ഒടിഞ്ഞിട്ടുള്ളതായി ഇൻസ്ബ്രൂക്ക് ഗവേഷകർ തുടക്കത്തിലേ കണ്ടെത്തിയിരുന്നു. ബൊൽസനോയിലെ എഡ്വാർഡ് ഇഗാർട്ടൻ വിഗിൾ, റേഡിയോളജിസ്റ്റ് പോൾ ഗോസ്റ്റനർ എന്നിവർ ചേർന്ന് 2001ൽ നടത്തിയ എക്‌റേഗാ പഠനത്തിൽ, യേറ്റ്സിയുടെ ഇടതുതോളിന് താഴെ ശരീരത്തിനുള്ളിൽ ഒരു അമ്പിന്റെ തലപ്പ് ഉള്ളതായി കണ്ടെത്തി. പിന്നിൽ നിന്ന് അമ്പേറ്റായിരുന്നു യേറ്റ്സി മരിച്ചതെന്ന നിഗമനത്തിൽ അവരെത്തി. എന്നാൽ, 2011ൽ ഇൻസ്ബ്രൂക്ക് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നത് ഹിമമനുഷ്യൻ കൊല്ലപ്പെട്ടതല്ല എന്നാണ്. മലകയറുമ്പോൾ തെന്നിവീണാകാം മരണമെന്നവർ പറഞ്ഞു. 2013ൽ ബോൽസനോ യൂറോപ്യൻ അക്കാദമിയിലെ ഗവേഷകർ, യേറ്റ്സി മരിച്ചത് തലയ്ക്കടിയേറ്റാകാം എന്ന നിഗമനം മുന്നോട്ടുവെച്ചു. 2015 ൽ 'ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മമ്മീസ് ആൻഡ് ദി ഐസ്മാനി'ലെ ഗവേഷകർ നടത്തിയ പഠനത്തിൽ അമ്പേറ്റ് അധികം വൈകാതെ യേറ്റ്സി മരിച്ചതായി പറയുന്നു. മറ്റൊരു വാദം യേറ്റ്സി ഒരു പടയാളിയോ വേട്ടക്കാരനോ ആയിരുന്നിരിക്കാം എന്നാണ്. ശത്രുക്കളായ എതിർ ഗോത്രക്കാർ എറ്റ്‌സിയെ വകവരുത്തിയതാകാമെന്നും ഒരു വിഭാഗം ഗവേഷകർ കരുതുന്നു.