ചണ്ഡീഗഡ്: രണ്ട് റോബസ്റ്റ പഴം വാങ്ങിയതിന് 442 രൂപ ബിൽ നൽകിയ മാരിയറ്റ് ഹോട്ടലിനെതിരെ ബോളിവുഡ് താരം രാഹുൽ ബോസ് രംഗത്തെത്തിയിരുന്നു. എന്നാൽ, സംഭവത്തിൽ ഇപ്പോൾ നികുതി വകുപ്പ് ഹോട്ടലിന് നോട്ടീസ് അയച്ചിരിക്കുകയാണ്. നികുതി രഹിതമായ വാഴപ്പഴത്തിന് നികുതി ഈടാക്കിയത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അസിസ്റ്റന്റ് എക്‌സൈസ് ആൻഡ് ടാക്സേഷൻ കമ്മിഷണർ രാജീവ് ചൗധരിയാണ് നോട്ടീസയച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുൽ ബോസ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
''ഞങ്ങൾ കാരണം കാണിക്കൽ നോട്ടീസ് നൽകി അവരിൽ നിന്നും മറുപടി തേടിയിട്ടുണ്ട്. ഫ്രഷ് പഴങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന വാഴപ്പഴം നികുതി രഹിതമാണ്. അതിനാൽ, വാഴപ്പഴത്തിന് എങ്ങനെ നികുതി ഈടാക്കി എന്ന് വിശദീകരിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് എക്‌സൈസ് ആൻഡ് ടാക്സേഷൻ കമ്മിഷണർ(എ.ഇ.ടി.സി) രാജീവ് ചൗധരി പറഞ്ഞു.
എക്‌സൈസ്, ടാക്‌സേഷന്‍ വകുപ്പ് രൂപീകരിച്ച മൂന്നംഗ സംഘം വ്യാഴാഴ്ച ഇതുസംബന്ധിച്ച എല്ലാ രേഖകളും കണ്ടുകെട്ടി. പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്ത ശേഷമാണ് ഷോ-കോസ് നോട്ടീസ് അയച്ചത്. മറുപടി സമർപ്പിക്കാൻ ഹോട്ടലിന് ശനിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. ഒരു തീരുമാനം നൽകുന്നതിന് മുമ്പ് ഞങ്ങൾ അവരെ വ്യക്തിപരമായ ഹിയറിംഗിനായി വിളിച്ചിട്ടുണ്ടെന്നും ഹിയറിംഗ് ജുഡീഷ്യൽ ഓഫീസറുടെ മുമ്പാകെ നടക്കുമെന്നും എ.ഇടി.സി പറഞ്ഞു. ഹോട്ടൽ സർക്കാരിൽ നികുതി നൽകുന്നുണ്ടോയെന്ന കാര്യവും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ ഹോട്ടലിന് പിഴ ചുമത്തുമെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
പഴങ്ങൾ ജി.എസ്.ടിയിൽ നികുതി രഹിതമാണ്. എന്നാൽ, രണ്ട് പഴം വാങ്ങിയതിന് രാഹുൽ ബോസിൽ നിന്ന് ഹോട്ടൽ 9 ശതമാനം നികുതി ഈടാക്കിയിരുന്നു. മാരിയറ്റ് ഹോട്ടലിലെത്തിയ രാഹുൽ ബോസ് വ്യായാമത്തിനുശേഷം രണ്ട് പഴങ്ങൾ മുറിയിലേക്ക് ഓർഡർ ചെയ്യുകയായിരുന്നു രണ്ട് പഴത്തിനും കൂടി 375 രൂപയായിരുന്നു വില. ജി.എസ്.ടി കൂടി ചേർത്ത് 442.50 രൂപക്കാണ് ബോസ് പഴം വാങ്ങിയത്.
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) July 22, 2019