mullappally-ramachandran

മലപ്പുറം: സി.പി.ഐയുമായി ഭാവിയിൽ കൂട്ടുകൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന പാർട്ടിയായി സി.പി.എം മാറിയെന്നും മുല്ലപ്പള്ളി വിമർശിച്ചു. ഒരുപാട് നല്ല നേതാക്കളുള്ള പാർട്ടിയാണ് സി.പി.ഐ. അവർക്ക് പ്രവർത്തിക്കാനുള്ള അവസരം യു.ഡി.എഫിൽ എന്നുമുണ്ടെന്നും സി.പി.എമ്മിനുണ്ടായ അധപതനത്തിൽ ഇടതുപക്ഷത്തെ നല്ല മനസുകൾ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം പരദൂഷണം പറയുന്നവർക്കല്ല, പ്രവർത്തിക്കുന്നവർക്കായിരിക്കും ഇനി പാർട്ടിയിൽ സ്ഥാനമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ദേശീയ തലത്തിൽ ഇപ്പോൾ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ഭയമില്ല. ഈ പരാജയം തൽക്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാൽ ശക്തമായി തിരിച്ചു വരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുതല മൂർച്ചയുള്ള വാളാണ് സോഷ്യൽ മീഡിയയെന്നും ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയുമെന്നും മുല്ലപ്പള്ളി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

‘സോഷ്യൽ മീഡിയയുടെ സാദ്ധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. വേറെ ഏതെങ്കിലും പാർട്ടിക്കാർ അവരുടെ നേതാവിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നില്ല. കോൺഗ്രസ് നേതാക്കന്മാരെ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ നിന്നാൽ ഈ പാർട്ടി എവിടെയെത്തു’മെന്നും മുല്ലപ്പള്ളി ചോദിച്ചു.