police

പാലക്കാട്: രണ്ട് ദിവസം മുമ്പ് ട്രെയിനിൽ നിന്നും വീണുമരിച്ച പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ആദിവാസി ആയതിനാൽ ക്യാമ്പിൽ കുമാർ കൊടിയ ജാതി പീഡനത്തിന് ഇരയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ കുമാറിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്നും കുമാറിന്റെ ഭാര്യ സജിനി വ്യക്തമാക്കി. അട്ടപ്പാടി സ്വദേശിയായ കുമാർ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ട്രെയിനിൽ നിന്നും വീണുമരിച്ചത്. അതേസമയം,​ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

നേരത്തെ മേലുദ്യോഗസ്ഥരുടെ പീഡനം മൂലം കണ്ണൂരിൽ ആദിവാസി വിഭാഗത്തിൽ പെട്ട സിവിൽ പൊലീസ് ഓഫീസർ തന്റെ ജോലി രാജിവച്ചത് ഏറെ വാർത്തയായിരുന്നു. ആദിവാസി കുറിച്യ വിഭാഗത്തിൽപ്പെട്ട കെ. രതീഷാണ് രാജിവെച്ചത്. എസ്.ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിച്ചത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയിൽ തുടരാനാകില്ലെന്ന് രതീഷ് പറയുന്നു. തനിക്ക് ജോലി ചെയ്യുന്നതിൽ യാതൊരു മടിയുമില്ല. എന്നാൽ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാൽ തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് ആരോപിച്ചിരുന്നു.ജാതിയുടെ പേരിൽ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകർക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നൽകാൻ പോയപ്പോഴും ഭീഷണി തുടർന്നെന്നും രതീഷ് ആരോപിച്ചിരുന്നു.